തിരുവനന്തപുരം: നേമത്ത് വീടിന്റെ ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തിയ മരുമകൻ പിടിയിലായ സംഭവത്തിൽ ബി.ജെ.പി ജില്ലാ നേതാവ് രാജിവെച്ചു. പിടിയിലായ രഞ്ജിത്തിന്റെ ഭാര്യ പിതാവ് സന്തോഷ് ആണ് പട്ടികജാതി മോർച്ച ജില്ല പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത്. "വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നിയന്ത്രിക്കാൻ യോഗ്യനല്ലെന്ന്" ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷമാണ് പാർട്ടി പദവി രാജിവെച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി സന്തോഷ് മത്സരിച്ചിരുന്നു.
സന്തോഷിന്‍റെ വീടിന്റെ ടെറസിലാണ് മരുമകനായ വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ ഉണ്ണി എന്ന രഞ്ജിത്ത് കഞ്ചാവുചെടി നട്ടുവളർത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൂലിയോടുള്ള വീട്ടിൽ പൊലീസും ഷാഡോ ടീമും സംയുക്തമായി പരിശോധന നടത്തിയത്. ടെറസിൽ നട്ടുപിടിപ്പിച്ചിരുന്ന 18 കഞ്ചാവുചെടികളാണ് പിടിച്ചെടുത്തത്.
ഒന്നര മാസം മുമ്പ് ഒരു സുഹൃത്ത് മുഖേനയാണ് കഞ്ചാവ് ചെടികൾ എത്തിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാൾക്കെതിരെ വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ മുമ്പ് അടിപിടി കേസ് ഉണ്ടായിരുന്നു. വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാറും സംഘവും ഷാഡോ ടീമും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.