തിരൂർ: തിരൂർ എക്സൈസ് സർക്കിൾ ഓഫിസും എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡും തിരൂർ എക്സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചാവ് ശേഖരവുമായി രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഇവരിൽനിന്ന് 12 കിലോയോളം കഞ്ചാവ് പിടികൂടി. ബംഗാൾ സ്വദേശികളായ പാറുൽ ബീവി (38), അർജുന ബീവി (44), തിരൂരങ്ങാടി തെന്നല സ്വദേശി റഫീഖ് (38) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച പുലർച്ച നാലിനാണ് സംഭവം. തിരൂർ റെയിൽവേ സ്റ്റേഷൻ സിറ്റി ജങ്ഷൻ റോഡിൽവെച്ചാണ് കഞ്ചാവുമായി പ്രതികൾ വലയിലായത്.
എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്തുകയായിരുന്ന കെ.എൽ 10 എ.ഇ 6026 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ലോബിയിലെ കണ്ണികളാണ് അറസ്റ്റിലായ പാറുൽ ബീവിയും അർജുന ബീവിയുമെന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ പറഞ്ഞു.
ആവശ്യക്കാരെ കണ്ടെത്തുന്നതും ചില്ലറക്കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നതും പണം മുടക്കുന്നതും അറസ്റ്റിലായ റഫീഖാണ്. കഞ്ചാവ് കടത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും ഇൻസ്പെക്ടർ അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം. ബാബുരാജ്, പ്രിവന്റിവ് ഓഫിസർമാരായ കെ. ഷിബു ശങ്കർ, പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ അരുൺ പാറോൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ശരത്, ദീപു, കെ.വി. റിബീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സ്മിത, സി.പി. സജിത, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.