അഞ്ചൽ (കൊല്ലം): ഡോക്ടറുടെ വീട്ടില്‍ നിന്നും കാര്‍ കവര്‍ച്ച ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിഞ്ഞ പ്രതിയെ 20 വര്‍ഷത്തിന് ശേഷം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാവക്കാട് ചാഴൂര്‍ കരിക്കംപീടികയില്‍ സായിപ്പ്കുട്ടി എന്ന ഷംസുദീന്‍ (62) ആണ് പിടിയിലായത്.
2002 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചൽ കൈതാടിയില്‍ ശ്രീലകം വീട്ടില്‍ ഡോ. യോഗേഷിന്‍റെ മാരുതി സെന്‍ കാര്‍ മോഷണം പോയ കേസില്‍ ഒന്നാം പ്രതിയായ തിരുവനന്തപുരം പാങ്ങോട് ലക്ഷംവീട് കോളനിക്ക് സമീപം നൗഷാദ് എന്ന ഫിറോസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഫിറോസും ഷംസുദ്ദീനും ചേർന്ന് ഡോക്ടറുടെ വീടിന്‍റെ പൂട്ടിയിട്ട ഗേറ്റ് തകര്‍ത്താണ് അകത്തു കിടന്ന കാർ മോഷ്ടിച്ചത്. ഈ കാർ തൃശൂരില്‍ എത്തിച്ച് ചാവക്കാട് വലിയകത്ത്കടയില്‍ മൗസ് മജീദ് എന്ന ഷംസുദീന് വില്‍ക്കുകയും ചെയ്തു. ഇയാള്‍ ഈ കാറിന്റെ രജിസ്ട്രേഷൻ നമ്പര്‍ മാറ്റി വ്യാജ നമ്പര്‍ പതിച്ചാണ് ഉപയോഗിച്ചിരുന്നത്. ഒന്നാം പ്രതിയായ ഫിറോസ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഷംസുദീന്‍ ഒളിവില്‍ പോയി. കേസിലെ മൂന്നാം പ്രതി മൗസ് മജീദ് മറ്റൊരു സംഘട്ടനത്തിൽ കുത്തേറ്റ് മരിക്കുകയും ചെയ്തു. ഇതോടെ രണ്ടാം പ്രതി ഒളിവിലാണ് എന്ന് കാട്ടി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
മോഷണക്കേസുകളിൽ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താൻ അഞ്ചല്‍ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാര്‍ രൂപീകരിച്ച പ്രത്യേക സംഘം ഒരു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ഷംസുദ്ദീൻ പിടിയിലായത്. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാര്‍, എസ്.ഐ പ്രജീഷ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. മോഷണം, അടിപിടി അടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണെന്നും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.