കൊച്ചി: ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) ട്രഷററുടെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് പ്രസിഡന്റും ജോയിൻ സെക്രട്ടറിയും രണ്ട് ലക്ഷം രൂപ തട്ടിയെന്ന് പരാതി. സംഘടന ട്രഷറർ തൃശൂർ നെട്ടിശേരിക്കരയിൽ കുന്നത്ത് എനോക്കാരൻ വീട്ടിൽ ജോമർ കെ. ജോസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസ പ്രസിഡന്റ് ടി.ടി പീറ്റർ എന്ന അറിയപ്പെടുന്ന കെവിൻ പീറ്റർ, ജോയിൻ സെക്രട്ടറി ജെൻസൺ ആന്റണി എന്നിവരെ ഒന്നും രണ്ടും പ്രതിയാക്കി സൗത്ത് പൊലീസാണ് കേസെടുത്തത്. വ്യാജ ഒപ്പിട്ടിട്ട് 12 ചെക്കുകൾ മാറി പണം അപഹരിച്ചെന്നാണ് പരാതി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
സംഘടന പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി പിരിച്ച പണം തേവരയിലെ എച്ച്.ഡി.എഫ്.സി ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ട്രഷററുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണിത്. ഏതാനും നാളുകളായി സംഘടന പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. സംഭാവനകൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് അറിയാൻ ബാങ്കിൽ നടത്തിയ അന്വേഷണത്തിലാണ് 2020 മുതൽ കഴിഞ്ഞ വർഷം വരെ രണ്ട് ലക്ഷം രൂപ പിൻവലിച്ചതായി അറിഞ്ഞത്.
ഇതേക്കുറിച്ച് പ്രസിഡന്റിനോട് ചോദിച്ചെങ്കിലും മറുപടി നൽകാതെ മുങ്ങി. തന്റെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് പണം പിൻവലിച്ചെന്ന് മനസിലാക്കിയയോടെയാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് ജോമർ പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.