തിരുവനന്തപുരം: ദുരന്തനിവാരണ നിയമത്തിന്റെ മറവില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ ധാതുമണല്‍ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്നാടന് എം.എല്‍.എ നൽകിയ ഹരജിയിൽ വാദം പൂർത്തിയായി. ഏപ്രിൽ നാലിന് വിധി പറയും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹരജി പരിഗണിച്ചത്.
ഹരജി കോടതി നേരിട്ട് അന്വേഷിക്കേണ്ട, വിജിലൻസ് അന്വേഷണം മാത്രം മതിയെന്ന് കാട്ടി കുഴൽനാടൻ കോടതിയിൽ മെമ്മോ ഫയൽ ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ തൈക്കണ്ടിയില്‍, സി.എം.ആര്.എല്‍ ഉടമ എസ്.എന്‍. ശശിധരന് കര്‍ത്ത, സി.എം.ആര്.എല്‍, കെ.എം.എം.എല്‍, ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്ത്സ്, എക്സാലോജിക് എന്നിവരാണ് എതിർകക്ഷികള്‍.
തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭിച്ചില്ല.
കേരള ഭൂവിനിമയ ചട്ട പ്രകാരം ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുള്ള കര്‍ത്തയുടെ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സി.എം.ആര്.എല്ലുമായി കരാറില്‍ ഏര്‍പ്പെട്ടത്. ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ നിർദേശിച്ചതായി ഹരജിക്കാരന് ആരോപിക്കുന്നു.ഇതിനിടെ 2018ലെ വെള്ളപ്പൊക്കത്തിന്റെ മറവില്‍ കുട്ടനാട്ടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ അഴിമുഖത്തുനിന്ന് 2000 കോടി രൂപയുടെ ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്തു.
സര്‍ക്കാര്‍ അധീനതയിലുള്ള കെ.എം.എം.എല്ലിനാണ് ഖനനാനുമതിയെങ്കിലും ക്യുബിക്കിന് 464 രൂപ നിരക്കില്‍ സി.എം.ആര്.എല്‍ ഇവ സംഭരിക്കുന്നെന്നാണ് ഹരജിയിലെ ആരോപണം.
ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ധാതുമണല്‍ തുച്ഛമായ വിലയ്ക്ക് കര്‍ത്തക്ക് നല്കുന്നതില് മുഖ്യമന്ത്രിയുടെ അവിഹിത ഇടപെടല്‍ വ്യക്തമാണെന്ന് ഹരജിക്കാരന് ആരോപിക്കുന്നു.കേരളത്തിലെ 54 ഡാമുകളില്‍ 35 ഡാമുകളുടെ ഷട്ടര്‍ ഒരേ സമയം തുറന്ന് വെള്ളപ്പൊക്കം ഉണ്ടാക്കി 463 മനുഷ്യ ജീവനും 20,000 കോടി രൂപയുടെ നാശനഷ്ടവും ഉണ്ടാക്കിയതിനു പിന്നില്‍ ഉള്ള ഉദ്ദേശ്യവും സംശയാസ്പദമാണ്. ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറിതന്നെ 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന് ആരോപിച്ച കാര്യവും ഹരജിയിലുണ്ട്.
വെള്ളപ്പൊക്കത്തിന്റെ മറവില്‍ നടക്കുന്ന ധാതുമണല്‍ കൊള്ളയിലെ അഴിമതിയില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജിക്കാരനുവേണ്ടി അഭിഭാഷകനായ ദിലീപ് സത്യന് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.