വിദ്വേഷ പ്രസംഗം നടത്തിയ എസ്.എൻ.ഡി.പി നേതാവിനെതിരെ കേസ്

കായംകുളം: വിദ്വേഷ പ്രസംഗം നടത്തിയ എസ്.എൻ.ഡി.പി കായംകുളം യൂനിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി. പ്രദീപ് ലാലിനെതിരെ കേസ്. കായംകുളം മുസ്‍ലിം ഐക്യവേദി ചെയർമാന്‍റെ പരാതിയിലാണ് കേസെടുത്തത്.

കൂട്ടാതെ, വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല പൊലീസ് മേധാവി, ഡിവൈ.എസ്.പി, സ്റ്റേഷൻ ഹൗസ് ഓഫിസർ, സ്പെഷൽ ബ്രാഞ്ച് എന്നിവർക്ക് പൊതുപ്രവർത്തകനായ അഡ്വ. മുജീബ് റഹ്മാനും ജില്ല പൊലീസ് മേധാവി, കായംകുളം ഡിവൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവർക്ക് എസ്‌.ഡി.പി.ഐയും പരാതി നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന ഗുരുദേവ ജയന്തി ഘോഷയാത്ര കമ്മിറ്റിയിലായിരുന്നു പി. പ്രദീപ് ലാൽ വിദ്വേഷ പ്രസംഗം നടത്തിയത്. കമ്മിറ്റിയിൽ പങ്കെടുത്ത ചിലരാണ് പ്രസംഗത്തിന്‍റെ വിഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത്.

‘‘ക്രിമിനലുകളും മതഭ്രാന്തന്മാരുമായ വിഭാഗം ഒറ്റദിവസം കൊണ്ട് നമ്മുടെ വീടുകൾ ചവിട്ടിപ്പൊളിക്കും. ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞു കയറിയവരെ അതിഥി തൊഴിലാളികൾ എന്ന നിലയിൽ സർക്കാർ കുടിയിരുത്തിയിരിക്കുന്നു. ഇവർക്കിടയിൽ മതമൗലികവാദികൾ പ്രവർത്തിക്കുന്നു. നീതിപാലകരിൽ നിന്ന് സംരക്ഷണം പ്രതീക്ഷിക്കരുത്. ഈഴവർക്ക് രാഷ്ട്രീയ പാർട്ടികളിൽ പോലും നിലനിൽപില്ല. പോസ്റ്റർ ഒട്ടിക്കലും പശതേക്കലുമാണ് അവർക്കുള്ളത്. ഈഴവനെ എപ്പോൾ വേണമെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കാം...’’ എന്നും പ്രദീപ് ലാൽ പറയുന്നു.

അതേസമയം, ഗുരുവിന് വിദ്യ പകർന്നു നൽകിയ മണ്ണിൽ വർഗീയതയുടെ വിത്ത് വിതക്കാൻ അനുവദിക്കരുതെന്നാണ് പ്രദീപ് ലാലിനെതിരെ സംഘടനയിൽ നിന്നു തന്നെ ഉയരുന്ന വിമർശനം. മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്നവരെ അകറ്റിനിർത്തുക, മതസ്പർധ വളർത്താൻ ഗുരു പഠിപ്പിച്ചിട്ടില്ല തുടങ്ങിയ വിമർശനങ്ങളും പ്രദീപിനെതിരെ ഉയർന്നു. സമൂഹമാധ്യമങ്ങളിലൂടെ പരസ്യ വിമർശനവുമായി പലരും രംഗത്തുവന്നു.

പ്രദീപ് ലാലിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ ജമാഅത്ത് കോഓഡിനേഷൻ കമ്മിറ്റി, മുസ്‍ലിം ഐക്യവേദി, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, എസ്‌.ഡി.പി.ഐ എന്നീ സംഘടനകളും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Case against SNDP leader P Pradeep Lal who made hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.