ശ്രീകണ്ഠപുരം: മലപ്പുറത്തെ സ്കൂളിന്റെ മറവില്‍ ശ്രീകണ്ഠപുരം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ശ്രീകണ്ഠപുരം കണിയാര്‍വയലിലെ കൊട്ടാരത്തില്‍ റിയാസിന്റെ പരാതിയില്‍ മലപ്പുറം കൊണ്ടോട്ടി പുതുപ്പറമ്പിലെ റെഡ് ബ്രിക്സ് ഇന്റര്‍നാഷനല്‍ സ്കൂളിന്റെ മാനേജിങ് ഡയറക്ടര്‍ നിസാമുദ്ദീന്‍, ചെയര്മാന് ത്വയ്യിബ് ഹുദവി എന്നിവര്‍ക്കെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.
2022ല്‍ പത്രപരസ്യം കണ്ട് റിയാസ് തന്റെ മകനെ പ്രസ്തുത സ്കൂളില്‍ ചേര്‍ക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എട്ടാം തരം മുതല്‍ പ്ലസ് ടുവരെ സൗജന്യ വിദ്യാഭ്യാസത്തിനും താമസം, ഭക്ഷണം എന്നിവക്കും അവസരമുണ്ടെന്നായിരുന്നു വാഗ്ദാനം. അതുപ്രകാരം റിയാസ് അഞ്ചുലക്ഷം അടച്ചുവെങ്കിലും കഴിഞ്ഞവര്‍ഷം തന്നെ സ്കൂള്‍ അടച്ചുപൂട്ടുകയായിരുന്നുവത്രെ. ഇതോടെ പണം തിരികെനൽകിയതുമില്ല.
മലപ്പുറം ജില്ലയില്‍ തന്നെ നിരവധി പേര് ഈ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പറയുന്നു. ഒരുവര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപം പുതുക്കുകയോ അതല്ലെങ്കില്‍ തിരിച്ചുവാങ്ങുകയോ ചെയ്യാമെന്ന വ്യവസ്ഥയിലാണ് പണം നൽകിയിരുന്നതെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.