മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്: സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈകോടതി

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ കോടതി പൊലീസിന് നിർദേശം നൽകി. ഹരജിയിൽ സർക്കാരിനോട് നിലപാടറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കേസിൽ ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി മുൻകൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചിരുന്നത്. കേസിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം (ഐ.പി.സി സെക്ഷൻ 354) കൂടി ചുമത്തിയെന്നും അഞ്ചുവർഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണിതെന്നതിനാൽ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്കുവേണ്ടി കരുവന്നൂരിൽനിന്ന് തൃശൂരിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാൻ കാരണമെന്നും ജാമ്യാപേക്ഷയിൽ ആരോപിച്ചു. ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും തിരുവനന്തപുരത്ത് വിരുന്നും നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തനിക്ക് മുൻകൂർ ജാമ്യം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. വാഹനനികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും തനിക്കെതിരെയുണ്ട്. രാഷ്ട്രീയ താൽപര്യങ്ങളാണ് തനിക്കെതിരായ കേസുകൾക്ക് പിന്നിലെന്നും ഹരജിയിൽ ബോധിപ്പിച്ചിരുന്നു.

ഒക്ടോബർ 27ന് കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പരാതിക്കിടയായ സംഭവം. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടെ മാധ്യമപ്രവര്‍ത്തകയുടെ ചുമലിൽ പിടിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയ ശേഷവും ഇത് ആവര്‍ത്തിച്ചപ്പോൾ മാധ്യമപ്രവര്‍ത്തക കൈ തട്ടിമാറ്റി. തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

സംഭവം വിവാദമായതോടെ വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു.

Tags:    
News Summary - Case of insulting journalist: High Court granted anticipatory bail to Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.