പ്രവീൺ റാണക്കെതിരേ വഞ്ചിയൂർ സ്വദേശിനിയുടെ പരാതി; 35 ലക്ഷം രൂപ തട്ടിയെന്ന്

നേമം: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപതട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണക്കെതിരേ കരമന പൊലീസ് സ്റ്റേഷനിൽ പരാതി. വഞ്ചിയൂർ സ്വദേശിനിയായ 40കാരിയാണ് പരാതിയുമായെത്തിയത്. തന്‍റെ കൈയിൽ നിന്ന് ഏകദേശം 35 ലക്ഷം രൂപ റാണ തട്ടിയെടുത്തു എന്നാണ് പരാതി.

പത്രത്തിൽ ആകർഷകമായ പരസ്യം കണ്ടതിനെ തുടർന്നാണ് റാണയുമായി താൻ ബന്ധപ്പെട്ടതെന്നും തുടർന്നാണ് പണം നിക്ഷേപിച്ചതെന്നും സ്ത്രീയുടെ പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തിയ പ്രവീൺ റാണയുടെ സംഘം കമ്പനിക്ക് ഡെപ്പോസിറ്റുകൾ ഫ്രാഞ്ചൈസി സ്കീമായി സ്വീകരിക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പണം നിക്ഷേപിക്കുകയാണെങ്കിൽ ഇതിലേക്ക് ഫ്രാഞ്ചൈസി എഗ്രിമെന്‍റ് എഴുതി നൽകാമെന്നും പറഞ്ഞു.

തുടർന്ന് റിസർവ് ബാങ്കിന്‍റെ അനുമതിപത്രമാണെന്ന് വിശ്വസിപ്പിച്ച് ചില രേഖകൾ കാണിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരി തൃശ്ശൂരുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുകയായിരുന്നു. എന്നാൽ സംഗതി തട്ടിപ്പാണെന്ന് മനസ്സിലായതോടെ പരാതിക്കാരി നിരന്തരം ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അഞ്ചര ലക്ഷത്തോളം രൂപ മാത്രമാണ് തിരികെ യുവതിയുടെ അക്കൗണ്ടിലേക്ക് ലഭിച്ചത്. പരാതിയിൽ കരമന പൊലീസ് അന്വേഷണം തുടങ്ങി.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിലെ പ്രവീൺ റാണക്കെതിരേ നിരവധി കേസുകൾ ഉണ്ട്. സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ ഡയറക്ടറാണ്. ഇയാളും സ്ഥാപനത്തിലെ മറ്റു ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെയാണ് പ്രതിചേർത്തിട്ടുള്ളത്.

അറസ്റ്റിലായ പ്രവീൺ റാണയെ തൃശൂര്‍ സെഷന്‍സ് കോടതി പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതി നൂറു കോടി രൂപ തട്ടിയതായാണ് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. 

അതേസമയം, താന്‍ നിരപരാധിയാണെന്നും തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ ഒരു പരാതിയാണെന്നുമായിരുന്നു പ്രവീണ്‍ റാണയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം. പണം കായ്ക്കുന്ന മരം ഇടയ്ക്ക് വെച്ച് വെട്ടരുതെന്നും ഇത് ബിസിനസ് റവല്യൂഷന്‍ ആണെന്നും റാണ പറഞ്ഞു.

Tags:    
News Summary - case registered against praveen rana in karamana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.