വൈത്തിരി: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ സാധന സാമഗ്രികളിൽ പലതും കാണാനില്ലെന്ന് പരാതി. സർവകലാശാലയിൽനിന്നു മുൻകൂട്ടി അറിയിച്ചതനുസരിച്ചു ബന്ധുക്കൾ ശനിയാഴ്ച സിദ്ധാർഥൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ സാധനങ്ങൾ കൊണ്ടുപോകാനെത്തിയപ്പോഴാണ് പല സാധനങ്ങളും കാണാനില്ലെന്ന് കണ്ടെത്തിയത്.
സിദ്ധാർഥന്റെ അമ്മാവനടക്കം നാലുപേരാണ് നെയ്യാറ്റിൻകരയിൽനിന്നു സർവകലാശാലയിൽ എത്തിയത്. സിദ്ധാർഥൻ താമസിച്ചിരുന്ന മുറിയോടുചേർന്ന ചെറിയ മുറിയിൽ ഉണ്ടായിരുന്ന വയലിൻ അടക്കമുള്ള സാധനങ്ങൾ കണ്ടെടുത്തെങ്കിലും വേറെയും സാധനങ്ങളുണ്ടെന്നും അതു കിട്ടാതെ പോകില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മറ്റു വിദ്യാർഥികളുടെ സഹായത്തോടെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയപ്പോൾ ഏതാനും സാധനങ്ങൾ കൂടി കിട്ടിയെങ്കിലും മുഴുവൻ സാധനങ്ങളും കിട്ടണമെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചുനിന്നു.
ടി. സിദ്ദീഖ് എം.എൽ.എ ഇരുകൂട്ടരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ 34 സാധനങ്ങൾ സ്വീകരിക്കുകയും ബാക്കി 22 സാധനങ്ങൾ നൽകാത്തതിനെതിരെ യൂനിവേഴ്സിറ്റി ഡീനിനും വൈത്തിരി പൊലീസിലും പരാതി നൽകുകയായിരുന്നു. ചില സാധനങ്ങൾ സി.ബി.ഐയുടെ ഫോറൻസിക് വിഭാഗം കൊണ്ടുപോയതാണെന്നും ബാക്കിയുള്ളവ കൂടുതൽ പരിശോധന നടത്തി ലഭ്യമാകുന്ന മുറക്കനുസരിച്ചു നൽകുമെന്നും ഡീൻ ഡോ. എസ്. മായ പറഞ്ഞു. സിദ്ധാർഥന്റെ അമ്മാവൻ ഷിബു, ബന്ധുക്കളായ എസ്. ബിനു, പ്രസാദ്, എ.ഐ. ബിനു എന്നിവരാണ് ഹോസ്റ്റലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.