കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിലെ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുജോലിക്കാരിയും ഇവരുടെ ബന്ധുവുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവരെ ചോദ്യംചെയ്തുവരികയാണ്.
എം.ടി. വാസുദേവൻ നായരുടെ നടക്കാവിലെ വീട്ടിലാണ് മോഷണമുണ്ടായത്. വീട്ടുവാതിൽ പൊളിക്കുകയോ അലമാരയും മറ്റും കുത്തിത്തുറക്കുകയോ ചെയ്യാതെയായിരുന്നു മോഷണം. ഇതാണ് വീടുമായി ബന്ധമുള്ള ആളുകളാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 15 ലക്ഷം രൂപ വിലമതിക്കുന്ന 26 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കഴിഞ്ഞ മാസം 22നും 30നുമിടയിൽ മോഷണം പോയതായി എം.ടിയുടെ ഭാര്യ സരസ്വതിയാണ് നടക്കാവ് പൊലീസിൽ വെള്ളിയാഴ്ച പരാതി നൽകിയത്. മകളുടെ ബാങ്ക് ലോക്കറിൽ വെച്ചിട്ടുണ്ടോയെന്ന സംശയത്തിൽ പരിശോധന നടത്താനാണ് പരാതി നൽകുന്നതിൽ കാലതാമസമുണ്ടായതെന്ന് കുടുംബം അറിയിച്ചിരുന്നു.
മൂന്ന്, നാല്, അഞ്ച് പവൻ വീതം തൂക്കം വരുന്ന മൂന്ന് മാല, മൂന്ന് പവന്റെ വള, മൂന്ന് പവന്റെ രണ്ട് ജോടി കമ്മൽ, ഡയമണ്ട് പതിച്ച ഓരോ പവന്റെ രണ്ട് ജോടി കമ്മൽ, ഡയമണ്ട് പതിച്ച രണ്ട് പവന്റെ ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടവയിൽപെടുന്നു. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലുള്ള സിതാരയിലാണ് മോഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.