കെട്ടിവെച്ച കാശ് പോലും കിട്ടാത്ത രീതിയിലേക്ക് കേരളത്തിലെ സി.പി.എം സ്ഥാനാർഥികൾ പോകുമെന്ന് പി.വി അൻവർ

മലപ്പുറം: കെട്ടിവെച്ച് കാശ് പോലും കിട്ടാത്ത രീതിയിലേക്ക് വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ സി.പി.എം സ്ഥാനാർഥികൾ പോകുമെന്ന് പി.വി അൻവർ. പശ്ചിമബംഗാളിനേക്കാളും മോശമായ സ്ഥിതിയിലേക്ക് കേരളത്തിലെ സി.പി.എം എത്തും. ചെന്നൈയിൽ പോയത് രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ്. സഹകരിക്കാൻ കഴിയുന്നവരുമായെല്ലാം സഹകരിക്കുമെന്നും പി.വി അൻവർ പറഞ്ഞു.

ഡി.എം.കെ മതേതരത്വത്തിന്റെ മുഖമാണ്. ഇന്ന് ഡി.എം.കെ നിരീക്ഷകരും പാർട്ടി പ്രഖ്യാപന സമ്മേളന വേദിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനായിട്ടില്ല. എ.ഡി.ജി.പി​യെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കസേരകളിക്ക് നിർത്തേണ്ട ആളല്ല എ.ഡി.ജി.പി. പി.ശശിക്കെതിരായ ആരോപണങ്ങൾ സഖാക്കൾ പരിശോധിക്കട്ടെയെന്നും പി.വി അൻവർ പറഞ്ഞു.

എ.ഡി.ജി.പിക്ക് എതിരായ ഡി.ജി.പിയുടെ റിപ്പോർട്ടിൽ കാര്യമില്ല. ജനങ്ങളെ പച്ചയായി വിഡ്ഢികളാക്കുകയാണ് ചെയ്യുന്നതെന്നും പി.വി അൻവർ ആരോപിച്ചു. പൂരം കലക്കിയതിന് പിന്നിൽ എ.ഡി.ജി.പിയാണെന്ന മുൻ നിലപാട് പി.വി അൻവർ ആവർത്തിച്ചു.

പി.വി. അൻവർ ഇന്ന് പ്രഖ്യാപിക്കാൻ പോകുന്ന പുതിയ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ട് മഞ്ചേരിയിൽ നടക്കുന്ന സമ്മേളനത്തിൽ പാർട്ടിയുടെ പേരും നയനിലപാടുകളും ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

ഇന്ന് വൈകിട്ട് 5 മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അൻവർ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം. ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് അൻവർ അവകാശപ്പെട്ടത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ, ലോറി ഉടമ മനാഫ് തുടങ്ങിയവരും നവോത്ഥാന നായകരും മഞ്ചേരിയിലെ യോഗ സ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകളിലുണ്ട്.

Tags:    
News Summary - PV Anwar Press Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.