തിരുവനന്തപുരം: വിദേശത്തുനിന്ന് തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനും സർക്കാർ, സ്വകാര്യ കമ്പനികൾക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനും പ്രത്യേക കമ്പനി (സ്പെഷൽ പർപസ് വെഹിക്കിൾ) രൂപവത്കരിക്കാനുള്ള നിർദേശത്തിന് മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകി. ആവശ്യമെങ്കിൽ കശുവണ്ടിപ്പരിപ്പ് വിപണനത്തിലും കമ്പനിക്ക് ഏർപ്പെടാം.
മൂന്നുലക്ഷം സ്ത്രീകൾ പണിയെടുക്കുന്ന കശുവണ്ടി മേഖല തോട്ടണ്ടിയുടെ ദൗർലഭ്യം മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. കേരളത്തിലെ ഫാക്ടറികൾ പൂർണമായി പ്രവർത്തിപ്പിക്കാൻ ആറു ലക്ഷം ടൺ തോട്ടണ്ടി വേണം. എന്നാൽ കേരളത്തിലെ ഉൽപാദനം 80,000 ടൺ മാത്രമാണ്. ഇപ്പോൾ കശുവണ്ടി വികസന കോർപറേഷനും കാപെക്സും ടെൻഡർ വിളിച്ച് ഇടനിലക്കാർ വഴിയാണ് കശുവണ്ടി വാങ്ങുന്നത്.
സർക്കാർ, ബാങ്കുകൾ, കാഷ്യൂ പ്രമോഷൻ കൗൺസിൽ, സ്റ്റേറ്റ് േട്രഡിങ് കോർപറേഷൻ എന്നിവയിൽനിന്ന് ഓഹരി സ്വരൂപിച്ച് കമ്പനി രൂപവത്കരിക്കാനുള്ള നിർദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. തോട്ടണ്ടി ഉൽപാദക രാജ്യങ്ങളിൽനിന്ന് ഈ കമ്പനി നേരിട്ട് തോട്ടണ്ടി സംഭരിക്കും. കശുവണ്ടി ഫാക്ടറികൾ നേരിടുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആർ.ബി.ഐ, വാണിജ്യ ബാങ്കുകൾ, സർക്കാർ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ ശിപാർശ പ്രകാരമാണ് തോട്ടണ്ടി സംഭരണത്തിനും വിതരണത്തിനും പ്രത്യേക കമ്പനി രൂപവത്കരിക്കുന്നത്.
കേരള കാഷ്യൂ ബോർഡ് എന്ന പേരിൽ ആയിരിക്കും കമ്പനിയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയവെ വ്യക്തമാക്കി. വനംവകുപ്പിെൻറ ഭൂമിയിൽ നിലവിലുള്ള അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങൾ വെട്ടിമാറ്റി പകരം കശുമാവ് കൃഷിചെയ്യുന്നതിനുള്ള പദ്ധതി വനംവകുപ്പുമായി ചേർന്ന് ആലോചിക്കും. തോട്ടണ്ടിയുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിെൻറ ഭാഗമായാണിത് ആലോചിക്കുന്നത്. കേരള കയർ ഫെസ്റ്റ് നിർത്തലാക്കില്ലെന്ന് മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു. അടുത്ത ഒക്ടോബറിൽ ഇത് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.