പത്തനംതിട്ട: അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുന്ന പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിലേക്ക് രണ്ടാമത്തെ ബാച്ച് വിദ്യാർഥികളെത്തി. 60 കുട്ടികളാണ് തിങ്കളാഴ്ച എത്തിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ജങ്ഷനിൽ ഒരു സൗകര്യവും ഇല്ലാത്ത വാടകക്കെട്ടിടത്തിൽ ആദ്യ ബാച്ച് വിദ്യാർഥികൾക്കിടയിലേക്കാണ് അടുത്ത ബാച്ച് എത്തുന്നത്.
ആദ്യബാച്ചിൽ 54 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാച്ചിലും ഭൂരിഭാഗവും പെൺകുട്ടികളാണ്. ഇവർക്ക് രണ്ട് ടോയ്ലറ്റ് മാത്രമാണ് നിലവിലുള്ളത്. ലൈബ്രറി, ലബ് സൗകര്യവും ഇല്ലെന്ന സ്ഥിതിയാണ്.ആരോഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിൽ ജില്ല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന നഴ്സിങ് കോളജിനാണ് ഈ ദുഃസ്ഥിതി.
അസൗകര്യങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം നിരവധി സമരങ്ങൾ നടന്നതോടെ സർക്കാറിന്റെ ഭാഗത്തുനിന്ന് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. സമരം ചെയ്തതിന്റെ പേരിൽ കുട്ടികളോട് പ്രതികാര മനോഭാവത്തോടെയാണ് അധികൃതർ പിന്നീട് പെരുമാറിയത്. കുറ്റമെല്ലാം പ്രിൻസിപ്പലിന്റെ തലയിൽകെട്ടിവെച്ച് അവരെ കാസർകോട്ടേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി നടന്ന ചർച്ചകളിൽ കോളജിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കം വിഷയങ്ങളിൽ തീരുമാനമെടുത്തിരുന്നു. കോളജിനുവേണ്ടി പുതിയ കെട്ടിടം കണ്ടെത്തുമെന്നായിരുന്നു പ്രഥമ വാഗ്ദാനം. ഇതിനായി കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
ഇതനുസരിച്ച് മലയാലപ്പുഴ മുസ്ലിയാർ എൻജിനിയറിങ് കോളജിന്റെ ഹോസ്റ്റലിലേക്ക് കോളജ് മാറ്റാൻ ആലോചിച്ചതാണ്. അവിടെ ഒരുക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അവരുടെ ചെലവിൽ ക്ലാസ് മുറികൾ അടക്കം ക്രമീകരിക്കണമെന്ന നിർദേശമുണ്ടായി. എന്നാൽ, സർക്കാർ ചെലവിൽ നഴ്സിങ് കോളജിന് സൗകര്യം ഒരുക്കണമെന്നാണ് കെട്ടിട ഉടമകൾ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാതെ വന്നതോടെ കോളജ്മാറ്റവും നടക്കാതെ പോയി.
16 കിലോമീറ്റര്‍ ദൂരെയുള്ള കോന്നി മെഡിക്കല്‍ കോളജിലേക്കാണ് ക്ലിനിക്കല്‍ പരിശീലനത്തിന് വിദ്യാർഥികൾ പോകുന്നത്. സ്വന്തമായി വാഹനം കോളജിന് ഇല്ലാത്തതിനാല്‍ കുട്ടികളിൽ യാത്രാ ചെലവുതന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വാഹനം വാടകക്ക് എടുത്ത് നൽകാമെന്ന തീരുമാനവും നടപ്പായിട്ടില്ല.കോളജിലേക്ക് ഏതാനും താൽക്കാലിക അധ്യാപകരെ കൂടി നിയമിച്ചതു മാത്രമാണ് നടപ്പാക്കിയ ഏക വാഗ്ദാനം.ക്ലാസ് മുറിക്ക് നടുവിലെ തൂണുകള്‍ കാരണം അധ്യാപകരെ കാണാൻ കഴിയില്ല. തിരക്കേറിയ റോഡിലെ ശബ്ദം കാരണം ക്ലാസിൽ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാനും കഴിയില്ല.
നഴ്സിങ് കൗണ്‍സില്‍ നിര്‍ദേശ പ്രകാരമുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ ലഭ്യമല്ലാതിരുന്നിട്ടും സർക്കാർ സ്വാധീനം ഉപയോഗപ്പെടുത്തി ആരോഗ്യ സർവകലാശാലയുടെ അംഗീകാരം വാങ്ങിയാണ് കോളജ് പ്രവർത്തനം തുടങ്ങിയത്. സ്ഥാപനത്തിന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ (ഐ.എൻ.സി) അംഗീകാരം ലഭിക്കാത്തതിനാൽ ഇവിടെയുള്ള വിദ്യാർഥികളുടെ ഒന്നാം വർഷ പരീക്ഷാഫലം ആദ്യം തടഞ്ഞുവെച്ചിരുന്നു.
കോളജിന് ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ മറ്റൊരു സ്ഥലത്ത് വാടകക്കെട്ടിടത്തിലാണ് വിദ്യാർത്ഥികളെ താമസിപ്പിക്കുന്നത്. ക്ലാസ് ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ സ്ഥാപനം സ്വന്തം കാമ്പസിലേക്ക് മാറ്റുമെന്നാണ് അധികൃതർ ഉറപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.