തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് കാറ്ററിങ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഭക്ഷ്യസുരക്ഷ ഫലപ്രദമായി നടപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷ വകുപ്പും തദ്ദേശ വകുപ്പും ഏകോപിച്ച് പ്രവര്‍ത്തിക്കും. വ്യാഴാഴ്ച ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യമറിയിച്ചത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഒരിക്കല്‍ ലൈസന്‍സ് നല്‍കിയാലും നിശ്ചിത ഇടവേളകളില്‍ പരിശോധനകള്‍ നടത്തും.
ലൈസന്‍സ് റദ്ദുചെയ്താല്‍ പോരായ്മകള്‍ പരിഹരിച്ചോയെന്ന് പരിശോധിക്കാനും അനുമതി നൽകാനും ഫുഡ്സേഫ്റ്റി കമീഷണർക്കാണ് അധികാരം. പാർസലാണെങ്കിൽ കൊടുക്കുന്ന സമയം, എത്ര സമയത്തിനകം ഉപയോഗിക്കണം എന്നീ വിവരങ്ങൾ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. എല്ലാവരും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം.
ശുചിത്വം ഉറപ്പാക്കാന്‍ സ്ഥാപനത്തിലെ ഒരാള്‍ക്ക് സൂപ്പർ വൈസര്‍ ചുമതല നല്‍കണം. ഹോട്ടല്‍, റെസ്റ്റാറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിങ് എന്നീ മേഖലകളിലെ സംഘടന പ്രതിനിധികൾ സർക്കാർ തീരുമാനങ്ങൾക്ക് പൂര്‍ണപിന്തുണ നല്‍കിയതായും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപന പരിധിയിലുള്ള എല്ലാ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ലൈസന്‍സ് ഉറപ്പാക്കും. ലൈസന്‍സിനായി ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പാക്കുന്നത് ആലോചിക്കും.
ഭക്ഷ്യവിഷബാധ സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വൃത്തിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് ‘ഹൈജീന്‍ റേറ്റിങ്’ വരും. പൊതുജനങ്ങള്‍ക്ക് റേറ്റിങ് നൽകാനുള്ള ആപ് ഉടൻ പുറത്തിറക്കും.ഓഡിറ്റോറിയങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സുള്ള സ്ഥാപനങ്ങൾ മാത്രമായിരിക്കും.
ഓഡിറ്റോറിയത്തിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശവും നല്‍കി. സംസ്ഥാനതലത്തിൽ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും. രഹസ്യ സ്വഭാവത്തിലായിരിക്കും ഫോഴ്സിന്റെ പ്രവർത്തനം. യോഗത്തിൽ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഭക്ഷ്യ സുരക്ഷ കമീഷണര്‍ വി.ആര്‍. വിനോദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.നേരത്തേ ഭക്ഷ്യസുരക്ഷയില്‍ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് മന്ത്രിമാരായ വീണ ജോർജ്, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
കളമശ്ശേരി: ഷവർമ, അൽഫാം വിൽപന കേന്ദ്രങ്ങളിലേക്ക് വിതരണത്തിന് ശേഖരിച്ചുവെച്ചിരുന്ന 515 കിലോ പഴകിയ കോഴിയിറച്ചിയും എണ്ണയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.പാലക്കാട് മണ്ണാർക്കാട് സ്വദേശി ജുനൈസും, ജീവനക്കാരും താമസിച്ചിരുന്ന വാടക കെട്ടിടത്തിൽനിന്നാണ് മാംസവും എണ്ണയും പിടിച്ചെടുത്തത്.
വിതരണത്തിനായി ഇറച്ചി പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വൃത്തിഹീനമായ നിലയിൽ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഫോണിൽ ലഭിച്ച രഹസ്യ പരാതിയിൽ വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സ്ഥലത്ത് പരിശോധന നടത്തിയത്.515 കിലോ ഇറച്ചിക്ക് പുറമെ 15 കിലോ കോഴിയുടെ ചിറകിന്റെ ഭാഗങ്ങളുടെ മാംസവും കണ്ടെടുത്തു.
ദുർഗന്ധം വമിക്കുന്ന അഴുകിയ മാംസവും കൂട്ടത്തിലുണ്ടായിരുന്നതായി പരിശോധന നടത്തിയ കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പഴകിയ ഇറച്ചി പുതിയതിനൊപ്പം ചേർത്ത് മസാല പുരട്ടി ഷവർമ കുറ്റിയിൽ നിറച്ച് എത്തിച്ചുനൽകി വരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.ആറ് മാസം മുമ്പ് വാടകക്കെടുത്ത കെട്ടിടത്തിന് ഇത്തരം പ്രവർത്തനത്തിനാവശ്യമായ ലൈസൻസ് എടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.