തൊടുപുഴ: സഭാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ സേവന- വേതന വ്യവസ്ഥകൾ നിയമാനുസൃതമെന്ന് ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ച് കത്തോലിക്ക മെത്രാൻ സമിതി. സഭയുടെ സ്ഥാപനങ്ങൾ സംസ്ഥാനത്തെ തൊഴിൽ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ബിഷപ്പുമാരുടെ സംയുക്ത വേദിയായ സമിതി (കെ.സി.ബി.സി ) സർക്കുലറിലൂടെ ഇടവകകൾക്ക് നിർദേശം നൽകി.
മെത്രാൻ സമിതിയുടെ തൊഴിൽകാര്യ കമീഷന് കീഴിെല കേരള ലേബർ മൂവ്മെൻറിെൻറ യൂനിറ്റുകൾ ഇടവകകൾ തോറും രൂപവൽക്കരിച്ച് തൊഴിൽ വിഷയങ്ങളിൽ ഇടപെടണമെന്നും നിർദേശിക്കുന്ന സർക്കുലർ, കഴിഞ്ഞ ഞായറാഴ്ച ഇടവക ആസ്ഥാനങ്ങളിൽ എത്തി. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ നിർണയിക്കുന്നത് സംസ്ഥാന തല ലേബർ മൂവ്മെൻറായിരിക്കും. എല്ലാ മതവിഭാഗങ്ങൾക്കുമായി മൂവ്മെൻറിെൻറ പ്രവർത്തനം ശക്തമാക്കണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്തെ 30 ലക്ഷം വരുന്ന ഇതര ഭാഷ തൊഴിലാളികളോട് അനുകമ്പാപൂർണമായ സമീപനം ഉണ്ടാകണം. വിലക്കയറ്റവും മറ്റും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. പുതിയ റേഷൻ ലിസ്റ്റിൽ തൊഴിൽ മേഖലയിലെ ഭൂരിഭാഗവും പുറത്താണ്. അതിനിടെയാണ് പാവപ്പെട്ടവരുടെ ആശ്രയമായ റേഷനും ഇല്ലാതാക്കുന്ന നടപടി. നോട്ട് നിരോധനം വരുത്തിയ മാന്ദ്യം മൂലം തൊഴിൽമേഖല പ്രതിസന്ധിയിലുമാണ്. രാജ്യത്തെ സമ്പത്തിൽ 58 ശതമാനവും അതിസമ്പന്നരായ ഒരുശതമാനത്തിൽ കേന്ദ്രീകരിക്കുന്നത് ആശങ്ക വളർത്തുന്നു.
ആയിരകകണക്കിന് കോടി രൂപ വായ്പയെടുത്ത് മന:പൂർവ്വം തിരിച്ചടക്കാത്തവരുടെ പേരുകൾ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട് പോലും അധികാരികൾ ലഭ്യമാക്കുന്നില്ല. അതേസമയം, തുഛ വായ്പയെടുത്ത് പരാധീനതകൾ മൂലം തിരിച്ചടക്കാത്ത സാധാരണക്കാരെ ജപ്തിയും സർഫാസി നിയമവും ഉപയോഗിച്ച് നേരിടുന്നുവെന്ന് തൊഴിലിനെയും തൊഴിലാളികളെയും സംബന്ധിച്ച സഭയുടെ നയ -സമീപനം വ്യക്തമാക്കുന്ന സർക്കുലർ പറയുന്നു. മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ ആജ്ഞാനുവർത്തികളായതിനാൽ തൊഴിലാളി യൂനിയനുകളും ഇതിനെ പ്രതിരോധിക്കാൻ രംഗത്ത് വരുന്നില്ല. കെ.സി.ബി.സി നിർദേശങ്ങൾ ക്രോഡീകരിച്ച് ലേബർ കമീഷൻ െചയർമാൻ ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് സർക്കുലർ തയാറാക്കിയത്.
അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.