മണിപ്പൂരും ഛത്തിസ്ഗഢും ഓർമിപ്പിച്ച് ‘കത്തോലിക്കാ സഭ’

തൃശൂർ: ഇന്ത്യ ശക്തമായ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി നിലനിൽക്കാനാകണം വോട്ട് രേഖപ്പെടുത്തേണ്ടതെന്ന ആഹ്വാനവുമായി തൃശൂർ അതിരൂപതയുടെ പ്രതിമാസ മുഖപത്രമായ ‘കത്തോലിക്കാ സഭ’. ഭരണഘടനയും ഇന്ത്യയെന്ന പേരുപോലും മാറ്റുമെന്ന ആശങ്കയുടെ നിഴലിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പെന്നത് മറക്കരുതെന്ന് ‘വോട്ടാണ്, പാഴാക്കരുത്’ എന്ന മുഖ്യ കുറിപ്പിലൂടെ പത്രം ഓർമിപ്പിക്കുന്നു.

അഞ്ചു വർഷം ചെയ്യാത്ത കാര്യങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനമായി നൽകുന്നതിന്‍റെ ആത്മാർഥത തെരഞ്ഞെടുപ്പ് കമീഷൻ ചോദ്യം ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങൾ നിർമിക്കുന്നത് തെറ്റല്ലെങ്കിലും സർക്കാറിന് നേതൃത്വം കൊടുക്കുന്നവരുടെ പ്രധാന കടമ ഏതെങ്കിലും മതത്തിന്‍റെ ആരാധനാലയത്തിലെ പ്രതിഷ്ഠയും ആചാരാനുഷ്ഠാനങ്ങൾ ഭരണതലത്തിൽ സ്ഥാപിക്കലും വർഗീയ ധ്രുവീകരണവുമല്ല. മതേതരത്വം മാറ്റി മതരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കം രാജ്യത്തെ പിന്നോട്ടടിപ്പിക്കും. മതരാഷ്ട്ര സ്ഥാപനം അധോഗതിയാണ് കൊണ്ടുവരുക.

മണിപ്പൂരിലും ഛത്തിസ്ഗഢിലും ക്രൈസ്തവർ നേരിട്ട പീഡനത്തിന് കൈയും കണക്കുമില്ല. യു.പിയിലും അസമിലും ക്രൈസ്തവർ ഭീതിയിലാണ്. ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനത്തിൽ ഐക്യരാഷ്ട്ര സഭ വരെ ആശങ്കപ്പെടുന്നു. ഇന്ത്യ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് അഴിമതി. കോർപറേറ്റ് വായ്പ എഴുതിത്തള്ളൽ, നികുതി ഇളവ്, ഏറ്റവുമൊടുവിൽ ഇലക്ടറൽ ബോണ്ട് എന്നിവ ഇതിന് തെളിവാണ്.

കേരളത്തിന്‍റെ വിവിധ പ്രശ്നങ്ങളിൽ കേന്ദ്രത്തിന്‍റെ മൗനം തുടരുമോ എന്നറിയണം. എല്ലാവരെയും ഉൾെക്കാള്ളുന്ന കേന്ദ്രസർക്കാർ വേണം. ഇതെല്ലാം വിവേചിച്ചറിഞ്ഞ് ജനാധിപത്യത്തിന്‍റെ വളർച്ചക്ക് ആവശ്യമായ തീരുമാനമെടുക്കേണ്ട സമയമാണ് -‘കത്തോലിക്കാ സഭ’ ഓർമിപ്പിക്കുന്നു.

Tags:    
News Summary - 'Catholic Church' remind Manipur and Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.