കൊച്ചി: ഉത്തര മലബാറിലേക്ക് ആദ്യമായല്ല തെക്കുനിന്ന് സി.ബി.ഐ സംഘമെത്തുന്നത്. 15 വർഷത്തിനിടെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് തവണ എത്തിയപ്പോഴും സി.പി.എം നേതാക്കളെ പ്രതികളാക്കിയാണ് മടങ്ങിയത്. അന്വേഷണം നടക്കുന്ന രണ്ട് കേസിൽ കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ പ്രതിയാണ്.
2009 നവംബർ മൂന്നിന് അബ്ദുൽ ജബ്ബാറിനെ ബദിയടുക്ക ഒക്കിനടുക്കയിൽ കാർ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസിൽ അന്നത്തെ സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സുധാകരൻ അടക്കം 14 പേരെ പ്രതികളാക്കിയാണ് സി.ബി.ഐ കുറ്റപത്രം നൽകിയത്. സുധാകരൻ അടക്കം ഏഴ് പേരെ 2012 ൽ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2008 ജൂൺ 23ന് ഇരിട്ടി കാക്കയങ്ങാട് ടൗണിലാണ് ഇരിട്ടി വിളിക്കോട് ഷിഹാബ് മൻസിലിൽ സൈനുദ്ദീനെ (26) വെട്ടിക്കൊന്നത്. ഈ കേസിൽ സി.പി.എം പ്രവർത്തകരായ ആറ് പ്രതികളെ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചു. 2014 സെപ്റ്റംബർ ഒന്നിനാണ് ആർ.എസ്.എസ് പ്രവർത്തകൻ കതിരൂർ മനോജ് കൊല്ലപ്പെട്ടത്. ഇതിൽ ഗൂഢാലോചനക്കുറ്റം ചുമത്തി പി. ജയരാജൻ അടക്കമുള്ളവർക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം.
2012 ഫെബ്രുവരി 12നാണ് ബി.എം.എസ് പ്രവർത്തകൻ ഓട്ടോ ഡ്രൈവർ പയ്യോളി മനോജിനെ വീട്ടിൽ കയറി വെട്ടിെക്കാന്നത്. ഈ കേസിൽ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും പയ്യോളി ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ടി. ചന്ദു അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. 2019 സെപ്റ്റംബറിൽ ഇദ്ദേഹമടക്കം 27 സി.പി.എം പ്രവർത്തകരെ പ്രതികളാക്കിയാണ് നിലവിൽ പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി അനന്തകൃഷ്ണൻ കുറ്റപത്രം നൽകിയത്.
2006 ഒക്ടോബര്‍ 22ന് തലശ്ശേരി സെയ്താര്‍ പള്ളിക്ക് സമീപത്താണ് എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ടത്. സി.പി.എമ്മിെൻറ കണ്ണൂർ ജില്ലയിലെ പ്രധാന നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഈ കേസിലെ പ്രധാന പ്രതികളാണ്. 2012 ഫെബ്രുവരി 20നാണ് അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. ഈ കേസിലും പി. ജയരാജൻ പ്രതിയാണ്. കല്യാശ്ശേരി മുൻ എം.എൽ.എ ടി.വി. രാജേഷ്, മന്ത്രി എം.വി. ഗോവിന്ദെൻറ മകൻ ശ്യാംജിത് അടക്കമുള്ളവരും ഈ കേസിൽ പ്രതികളാണ്.
പെരിയ കേസിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനെ കൂടി പ്രതിചേർത്തതോടെ കാസർകോട്ടെ സി.പി.എമ്മിെൻറ പ്രധാന നേതാക്കളിലൊരാളാണ് വിചാരണ നേരിടേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.