എം.വി. ഗോവിന്ദൻ, സന്ദീപ് വാര്യർ

ഒരു ബൂർഷ്വാ പാർട്ടിയിൽനിന്ന് മറ്റൊരു ബൂർഷ്വാ പാർട്ടിയിലേക്ക്; സന്ദീപ് കോണ്‍ഗ്രസിൽ ചേർന്നതുകൊണ്ട് വലിയ വ്യത്യാസമില്ല -എം.വി. ഗോവിന്ദൻ

പാലക്കാട്: സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുന്നതിലൂടെ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു ബൂർഷ്വാ പാർട്ടിയിൽനിന്ന് മറ്റൊരു ബൂർഷ്വാ പാർട്ടിയിലേക്ക് ചേക്കേറിയെന്നേ ഇതിൽ കാണാനുള്ളൂ. നിലപാട് വ്യക്തമാക്കാത്തതിനാൽ സന്ദീപ് സി.പി.എമ്മിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസിലേക്ക് സന്ദീപല്ല ആര് ചേർന്നാലും ഉപ തെരഞ്ഞെടുപ്പിൽ അവർ തോൽക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

“വ്യക്തിപരമായ പ്രശ്നങ്ങളുൾപ്പെടെ വന്നതോടെയാണ് സന്ദീപ് വാര്യർ ബി.ജെ.പിയുമായി ഇടഞ്ഞത്. ബി.ജെ.പി നേതൃത്വവുമായി അദ്ദേഹം പല വിഷയങ്ങളിൽ അഭിപ്രായ ഭിന്നത വന്നു. സി.പി.എമ്മിനെ സംബന്ധിച്ച നയമാണ് പ്രധാനം. ഇന്നലെ വരെയുള്ള നിലപാടിൽനിന്ന് മാറി ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേരുന്നുവെങ്കിൽ തള്ളിപ്പറയുന്ന സമീപനം സി.പി.എം സ്വീകരിച്ചിട്ടില്ല. മുമ്പും അതുതന്നെയാണ് നിലപാട്. സരിന്റെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ സ്വീകരിച്ച നിലപാട് അതാണ്.

സന്ദീപ് വാര്യർ ബി.ജെ.പി വിട്ടത് നന്നായി, കോണ്‍ഗ്രസിൽ ചേർന്നത് കൊണ്ട് വലിയ വ്യത്യാസമൊന്നുമില്ല. ഒരു ബൂർഷ്വാ പാർട്ടിയിൽനിന്ന് മറ്റൊരു ബൂർഷ്വാ പാർട്ടിയിലേക്ക് ചേക്കേറി. അത്രയേ ഇതിൽ കാണാനുള്ളൂ. അതിൽ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും അവർക്ക് പലതും കാണും. അതുകൊണ്ടാണല്ലോ സ്നേഹത്തിന്റെ കട എന്നൊക്കെ പറയുന്നത്. നിലപാട് വ്യക്തമാക്കാത്തതിനാൽ അദ്ദേഹം സി.പി.എമ്മിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസിലേക്ക് സന്ദീപല്ല ആര് വന്നാലും ഈ തെരഞ്ഞെടുപ്പിൽ അവർ തോൽക്കും” -എം.വി. ഗോവിന്ദൻ പറഞ്ഞു.

അതേസമയം പാർട്ടി തനിക്ക് അർഹമായ പരിഗണന നൽകിയിട്ടില്ലെന്നും ബി.ജെ.പി വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും കോൺഗ്രസിൽ ചേർന്ന ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചു. ജനാധിപത്യത്തെ പാടെ അപമാനിക്കുന്ന ഒരു ഫാക്ടറിയിൽ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയായിരുന്നു. മുഖ്യമന്ത്രിയുമായി ചേർന്ന് ബി.ജെ.പി. അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം കളിക്കുന്നു. അതിനെതിരെ പ്രതികരിച്ചതാണ് തനിക്കുനേരെ നടപടി സ്വീകരിക്കാൻ കാരണമായത്. മതം തിരഞ്ഞ് പ്രചാരണം നടത്താൻ കഴിയില്ല. സ്നേഹത്തിന്‍റെ കടയിൽ അംഗത്വമെടുക്കുകയാണെന്നും വെറുപ്പിന്‍റെയും വിദ്വേഷത്തിന്റെയും കോട്ടയിൽനിന്ന് പുറത്തുവന്നതിന്‍റെ സന്തോഷത്തിലാണ് താനെന്നും സന്ദീപ് പറഞ്ഞു.

എൻ.ഡി.എയുടെ കൺവെൻഷനിൽ പരസ്യമായി അപമാനിച്ചു എന്നു കാണിച്ചാണ് സന്ദീപ് വാര്യർ ബി.ജെ.പി.യുമായി ഇടഞ്ഞത്. അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ ഫലംകണ്ടിരുന്നില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ സന്ദീപിന്‍റെ അസാന്നിധ്യം ചർച്ചയായിരുന്നു. പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിലും സന്ദീപിന് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം.

Tags:    
News Summary - From one bourgeois party to another bourgeois party; MV Govindan says there is no big difference when Sandeep Varier joins Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.