ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. നിലവിൽ സുപ്രീംകോടതിയുടെ രണ്ട് ബെഞ്ചുകൾ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ പരിഗണിക്കുന്നതിനിടയിലാണ് മൂന്നാമതൊരു ബെഞ്ച് മറ്റൊരു കേസ് കൂടി കേൾക്കുന്നത്.
മലയാള സിനിമ മേഖലയിലെ ലൈംഗിക പീഡന പരാതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും കാണിച്ച് അഭിഭാഷകന്‍ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, സി.ബി.ഐ, ദേശീയ വനിത കമീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി.
സിനിമാരംഗത്തുനിന്ന് ലൈംഗിക പരാതികളുയർന്നപ്പോൾ ചട്ടവിരുദ്ധമായി ഹേമ കമ്മിറ്റിയെ നിയമിച്ചതും ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതും ഒടുവിൽ അന്വേഷണത്തിന് തയാറായപ്പോൾ വ്യക്തിപരമായ പരാതികളിലാണ് നടപടിയെന്ന് വ്യക്തമാക്കിയതും അട്ടിമറി നീക്കമാണെന്ന് ഹരജിയിൽ ആരോപിച്ചു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താമെന്ന ഹൈകോടതി വിധിക്കെതിരെ നിർമാതാവ് സജിമോന്‍ പാറയില്‍ സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ചിന്റെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം നടിയുടെ പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ നടന്‍ സിദ്ദിഖ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെയും പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.