പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. രണ്ട് കുട്ടികളുടെയും മരണത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പാലക്കാട് പോക്സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
മൂന്ന് പ്രതികൾക്കെതിരെയാണ് കേസ്. പോക്സോ, എസ്.സി എസ്.ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
വാളയാർ അട്ടപ്പള്ളത്ത് 13കാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒമ്പതു വയസ്സുകാരിയെ മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികൾ.
പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സി.ബി.െഎക്ക് വിട്ടത്.
കേസിലെ കുറ്റക്കാരെയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പെൺകുട്ടികളുടെ അമ്മ നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്താണ് ഇവർ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.