അത് വെറുമൊരു അപകടമാണെന്ന് തോന്നുന്നില്ല; മെഡിക്കൽ വിദ്യാർഥിയുടെ മരണം സി.ബി.ഐക്ക് വിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി രോഹിത് രാധാകൃഷ്ണൻ 2014 ൽ മംഗളുരുവിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. അപകടമരണമെന്ന് പൊലീസ് എഴുതിത്തള്ളിയ കേസാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് സി.ബി.ഐക്ക് വിട്ടത്.

അപകടത്തിന്റെ ചിത്രമടക്കമുള്ള രേഖകളില്‍ നിന്ന് ഇത് വെറുമൊരു അപകടമാണെന്ന് തോന്നുന്നില്ലെന്നും സി.ഐ.ഡി നടത്തിയ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സത്യം പുറത്തുവരേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. എ.ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന രോഹിത് രാധാകൃഷ്ണനെ 2014 മാര്‍ച്ച് 23നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടമരണം ആണെന്ന് വ്യക്തമാക്കി കർണാടക പൊലീസ് അന്വഷണം അവസാനിപ്പിച്ചിരുന്നു.

അപകടം ഉണ്ടാക്കും വിധം വാഹനമോടിച്ചതിന് മരിച്ച വിദ്യാര്‍ഥിക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രോഹിതിന്റെ പിതാവ് ബാലകൃഷ്ണനാണ് സുപ്രീംകോടതിയെ സമീപിച്ചത്. അപകടത്തില്‍ മരിച്ചയാള്‍ക്കെതിരേ കേസെടുക്കുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും ആദ്യമായി കേള്‍ക്കുകയാണെന്ന് കോടതി പറഞ്ഞു. ഈ കുറ്റപത്രം റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

സംഭവം നടന്നത് 2014 ൽ ആയതിനാല്‍ സി.ബി.ഐ ഇനിയും വൈകിക്കാതെ അന്വേഷണം നടത്തണം. രണ്ടുമാസത്തിനിടയിൽ ഹൈകോടതിയില്‍ കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിദ്യാര്‍ഥിയുടെ പിതാവിന് സി.ഐ.ഡി ലക്ഷം രൂപ കോടതിച്ചെലവായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - CBI will investigate the death of the medical student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.