പെരിയ ഇരട്ടക്കൊല: സി.പി.എം നേതാക്കളെ കുറ്റമുക്തരാക്കിയിട്ടില്ല, ശിക്ഷ റദ്ദാക്കിയിട്ടുമില്ല -വി.ടി. ബൽറാം

പാലക്കാട്: പെരിയ ഇരട്ട​ക്കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് താത്ക്കാലികമായി സസ്പെൻഡ് ചെയ്തു എന്ന് മാത്രമേയുള്ളൂവെന്നും ക്രിമിനലുകളെ ഗ്ലോറിഫൈ ചെയ്യുന്ന സിപിഎം ജനാധിപത്യ സമൂഹത്തിന് അപമാനമാണെന്നും കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ‘കേസിൽ സി.പി.എം നേതാക്കളെ കുറ്റവിമുക്തരാക്കിയിട്ടില്ല, അവരുടെ ശിക്ഷ റദ്ദാക്കിയിട്ടുമില്ല. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും അവർക്കുള്ള പങ്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശരിവച്ചിട്ടുള്ളതാണ്. ശിക്ഷ നടപ്പാക്കുന്നത് താത്ക്കാലികമായി സസ്പെൻഡ് ചെയ്തു എന്ന് മാത്രമേയുള്ളൂ. അതാവട്ടെ ഇത്തരം കേസുകളിലെ സ്വാഭാവിക നടപടിക്രമം മാത്രമാണ്’ -ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ സി.പി.എം നേതാക്കളെ കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പി. ജയരാജൻ, എം.വി ജയരാജൻ, കെ.പി. സതീഷ്ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ തുടങ്ങിയവർ മാലയിട്ട് സ്വീകരിച്ചിരുന്നു. പ്രതികളെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു. അത്തരം സ്വീകരണത്തിന് കുഴപ്പമില്ലെന്നും രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐ നടത്തിയ തെറ്റായ നീക്കത്തെ ഹൈകോടതി തടഞ്ഞതാണെന്നും ഗോവിന്ദൻ പറഞ്ഞു.

‘പെരിയ ഇരട്ടക്കൊല സി.പി.എം അറിഞ്ഞുകൊണ്ടോ പാർട്ടിയുടെ ധാരണക്കനുസരിച്ചോ നടന്നതല്ല. രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐ നടത്തിയ തെറ്റായ നീക്കത്തെ ഹൈകോടതി പ്രതിരോധിച്ചിരിക്കുന്നു. മാലയിട്ട് സ്വീകരിക്കുന്നതിൽ എന്താ കുഴപ്പം? പാർട്ടിയുടെ ഭാഗമായി നിൽക്കുന്നവരെ കള്ളക്കേസിൽ പെടുത്തി. അവരെ കോടതി ഇടപെട്ട് പുറത്തുവിടുന്നതിലൂടെ ശരിയായ സന്ദേശമാണ് നൽകുന്നത്. അതിന് ജനങ്ങളുടെ പൂർണ പിന്തുണയുണ്ട്” -എം.വി. ഗോവിന്ദൻ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി വി.ടി. ബൽറാം രംഗത്തെത്തിയത്. ‘കേസിൽ സി.പി.എം നേതാക്കളെ കുറ്റവിമുക്തരാക്കിയിട്ടില്ല, അവരുടെ ശിക്ഷ റദ്ദാക്കിയിട്ടുമില്ല. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും അവർക്കുള്ള പങ്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശരിവച്ചിട്ടുള്ളതാണ്. ശിക്ഷ നടപ്പാക്കുന്നത് താത്ക്കാലികമായി സസ്പെൻഡ് ചെയ്തു എന്ന് മാത്രമേയുള്ളൂ. അതാവട്ടെ ഇത്തരം കേസുകളിലെ സ്വാഭാവിക നടപടിക്രമം മാത്രമാണ്. Atul alias Ashutosh v. State of Madhya Pradesh, (2024) എന്ന കേസിലെ സുപ്രീം കോടതി മാർഗദർശനത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പീൽ നടപടികൾ നീണ്ടുപോവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കേസുകളിൽ കുറ്റവാളികളെ ബോണ്ട് വാങ്ങി ജാമ്യത്തിൽ വിടുന്നത്. നിലവിൽ 2018ലെ അപ്പീൽ കേസുകളാണ് ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്നത്. അതായത് 7 വർഷം മുമ്പുള്ളവ. ഈ കേസിലെ കുറ്റവാളികൾ സമർപ്പിച്ച അപ്പീലിന്മേലും ഏതാണ്ട് അത്രത്തോളം കാലതാമസം വന്നേക്കും എന്നുള്ളതുകൊണ്ടാണ് പ്രതികൾക്ക് പ്രഖ്യാപിക്കപ്പെട്ട ശിക്ഷ ഇപ്പോൾ നൽകാത്തത്. ക്രിമിനലുകളെ ഗ്ലോറിഫൈ ചെയ്യുന്ന സിപിഎം ജനാധിപത്യ സമൂഹത്തിന് അപമാനമാണ്’ -ബൽറം വ്യക്തമാക്കി.

കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ 20ാം പ്രതി ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, 14ാം പ്രതി കെ. മണികണ്ഠൻ, 21ാം പ്രതി രാഘവൻ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരാണ് ഹൈകോടതി ഉപാധികളോടെ ജാമ്യവും അനുവദിച്ചതോടെ ഇന്നലെ രാവിലെ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

രണ്ടാംപ്രതി സജി സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ചെന്നും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റം ​തെളിഞ്ഞെന്ന്​ കണ്ടെത്തിയാണ്​ ഇവർക്ക്​ ​കൊച്ചിയിലെ സി.ബി.ഐ സ്​പെഷൽ കോടതി അഞ്ച്​ വർഷത്തെ തടവ്​ വിധിച്ചത്​. എന്നാൽ, സി.ബി.ഐ കോടതി വിധി റദ്ദാക്കി കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ശിക്ഷ മരവിപ്പിക്കുകയായിരുന്നു​.

Full View

Tags:    
News Summary - CPM glorifying criminals is a disgrace to democratic society -VT balram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.