കൊച്ചി: അഞ്ചുവർഷത്തിനുശേഷം അഫിലിയേഷൻ തുടരാൻ സി.ബി.എസ്.ഇ ആവശ്യപ്പെട്ടാലേ അൺ എയ്ഡഡ് സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിെന്റ മുൻകൂർ അനുമതിപത്രം വേണ്ടതുള്ളൂവെന്ന് ഹൈകോടതി. അഫിലിയേഷൻ തുടരാൻ സർക്കാറിന്റെ അനുമതി പത്രം വാങ്ങണമെന്ന് കാട്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള രക്ഷാധികാരി ഡോ. ഇന്ദിര രാജനും തൊടുപുഴ വില്ലേജ് ഇന്റർനാഷനൽ സ്കൂൾ മാനേജറും നൽകിയ ഹരജി അനുവദിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
നവംബർ ഒമ്പതിനാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 10,000 രൂപ ഫീസും നിശ്ചയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശനിയമ പ്രകാരമോ സി.ബി.എസ്.ഇയുടെ അഫിലിയേഷൻ ബൈലോ പ്രകാരമോ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളടക്കം ഉറപ്പുവരുത്താൻ ഒരോ അഞ്ചുവർഷം കൂടുമ്പോഴും മുൻകൂർ അനുമതിപത്രം വാങ്ങണമെന്നായിരുന്നു സർക്കാർ വാദം.
അതേസമയം, ഒരു തവണ അഫിലിയേഷൻ ലഭിച്ചാൽ വീണ്ടും സർക്കാറിന്റെ മുൻകൂർ സമ്മതപത്രം വേണ്ടെന്ന് സി.ബി.എസ്.ഇ അറിയിച്ചു. സി.ബി.എസ്.ഇ ബൈലോ പ്രകാരം അഫിലിയേഷനായി സ്വയം സാക്ഷ്യപ്പെടുത്തിയതോ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് എടുത്തതോ ആയ സർട്ടിഫിക്കറ്റേ നൽകേണ്ടതുള്ളൂ. അതേസമയം, സർക്കാറിന്റെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമുള്ള ആവശ്യം കോടതി അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.