വിലയിൽ ഒത്തുകളി; അഞ്ചു ടയർ കമ്പനികൾക്ക്​ വൻ തുക പിഴയിട്ട്​ കോമ്പറ്റീഷൻ കമ്മീഷൻ


കോട്ടയം: നിയമവിരുദ്ധ രീതിയിൽ ടയർവില നിശ്ചയിക്കാൻ ഒത്തുകളിച്ചതിനെ തുടർന്ന്​ രാജ്യത്തെ അഞ്ചു പ്രമുഖ ടയർ കമ്പനികൾക്കും അവയുടെ സംഘടനക്കും വൻ തുക പിഴ നിശ്​ചയിച്ച്​ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ). സിയറ്റ്, എം.ആർ.എഫ്, അപ്പോളോ, ജെ.കെ. ടയർ, ബിർള ടയേഴ്‌സ് എന്നീ ടയർ നിർമ്മാതാക്ക​ളെയും ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനെയുമാണ്​​ (എ.ടി.എം.എ) ശിക്ഷിച്ചത്​.

അപ്പോളോ ടയേഴ്സിന് 425.53 കോടി രൂപയും എം.ആർ.എഫിന് 622.09 കോടി രൂപയും സിയറ്റിന് 252.16 കോടി രൂപയും ജെ.കെ ടയറിന് 309.95 കോടി രൂപയും ബിർള ടയേഴ്സിന് 178.33 കോടി രൂപയും എ.ടി.എം.എക്ക്​ 8.4 ലക്ഷം രൂപയുമാണ്​ മത്സര നിരീക്ഷണ സമിതി പിഴ ചുമത്തിയിരിക്കുന്നത്​. കമ്പനികൾ പരസ്പരം മൽസരിക്കുന്നതിൽ നിന്നുമാറി ഓരോരുത്തരും വിൽക്കുന്ന ക്രോസ് പ്ലൈ/ബയസ് ടയർ വേരിയന്‍റുകളുടെ വില ഒത്തുകളിയിലൂടെ വർധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്നാണ്​ കോമ്പറ്റീഷൻ കമ്മീഷൻ ചുമത്തിയ കുറ്റം.

വിപണിയിലെ ഉൽപാദനവും വിപണനവും നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഈ നടപടി ഇടയാക്കുമെന്നും കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു. ടയർ നിർമ്മാതാക്കൾ എ.ടി.എം.എ വഴി വില സംബന്ധിച്ച വിവരങ്ങൾ കൈമാറുകയും ടയറുകളുടെ വിലയിൽ കൂട്ടായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. ഇതാണ്​ സംഘടനക്കും പിഴ ചുമത്താൻ കാരണമായത്​. 2011-2012 കാലത്തെ മത്സരവിരുദ്ധ കരാറുകൾ നിരോധിക്കുന്ന കോമ്പറ്റീഷൻ ആക്ടിലെ സെക്ഷൻ മൂന്നിലെ വ്യവസ്ഥകൾ അഞ്ച് ടയർ നിർമ്മാതാക്കളും എ.ടി.എം.എയും ലംഘിച്ചിരിക്കുകയാണ്​.


ടയറുകളുടെ ഉൽപാദനം, ആഭ്യന്തര വിൽപന, കയറ്റുമതി എന്നിവയെക്കുറിച്ചുള്ള കമ്പനി തിരിച്ചുള്ളതും സെഗ്‌മെന്‍റ്​ തിരിച്ചുള്ളതുമായ വിവരങ്ങൾ എ.ടി.എം.എ സമാഹരിച്ച്​ അംഗങ്ങൾക്ക്​ നൽകുകയായിരുന്നു. മത്സര വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മൊത്തം 1,788 കോടി രൂപ പിഴ ചുമത്തിയ റെഗുലേറ്ററുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ടയർ കമ്പനികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

സ്വാഭാവിക റബറിന്‍റെ ഉപയോഗം കൂടുതലും ടയർ മേഖലയിലാണെന്നിരിക്കെ റബർ വിലയും ടയർ വിലയും എത്ര വേണമെന്ന്​ നിശ്​ചയിക്കാനുള്ള വഴിവിട്ട കളികളാണ്​ ടയർ കമ്പനികൾ നടത്തിയിരുന്നതെന്നും അതിനേറ്റ തിരിച്ചടിയാണ്​ സി.സി.ഐയുടെ നടപടിയെന്നും റബർ മേഖലയിലെ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക റബറിന്‍റെ പ്രാദേശിക വില താഴ്ത്തി നിർത്താൻ സമാനമായ രീതിയിൽ ടയർ കമ്പനികളും അവരുടെ സംഘടനയും ഒത്തുകളിക്കുന്നതായി കേരളത്തിലെ റബർ കർഷകർ നേരത്തെ മുതൽ ആരോപണം ഉന്നയിച്ചിരുന്നു. 

Tags:    
News Summary - CCI imposes penalty on tyre manufacturers and their association for indulging in cartelisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.