തിരുവനന്തപുരം: ലോകകേരള സഭയുടെ സൗദി മേഖല സമ്മേളനത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രാനുമതി ലഭിച്ചില്ല. അനുമതി തേടി കേന്ദ്രത്തെ സമീപിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. കേന്ദ്ര സർക്കാർ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി, കേരളത്തോട് ഇങ്ങനെയുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. സാധാരണ ഒരു സംസ്ഥാനത്തോട് ഇത്തരം നിലപാട് സ്വീകരിക്കേണ്ടതില്ല. ഫെഡറൽ രാജ്യത്ത് ഉണ്ടാകേണ്ട കാര്യമല്ല ഇത്. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒക്ടോബർ 19 മുതൽ 21 വരെ റിയാദിലും ദമ്മാമിലും ജിദ്ദയിലുമായി ലോക കേരള സഭയുടെ മേഖല യോഗങ്ങൾ ചേരാനായിരുന്നു ധാരണ. ഇതനുസരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രാനുമതി തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചു. സെപ്റ്റംബർ ഒമ്പതിന് നൽകിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയില്ല. അനുമതി നിഷേധിച്ച് മറുപടി നൽകുന്ന പതിവില്ല. പകരം മറുപടി നൽകാതിരിക്കുകയാണ് കേന്ദ്രം ചെയ്യുക. അനുമതി ലഭിച്ചശേഷം തീയതി പ്രഖ്യാപിക്കാനായിരുന്നു തീരുമാനം.
മറുപടി കിട്ടാത്ത സാഹചര്യത്തിൽ ഒക്ടോബർ 19 മുതൽ 21 വരെ തീയതിയിൽ പരിപാടി നടക്കില്ലെന്ന നിലയാണുള്ളത്. അതേസമയം, അവസാന നിമിഷം അനുമതി ലഭിച്ചാലും പരിപാടി നടത്താമെന്ന നിലപാടാണ് സൗദിയിലെ സംഘാടനം നിർവഹിക്കുന്ന ലോകകേരള സഭാംഗങ്ങൾക്കും പ്രവാസി സംഘടനകൾക്കും. അതേസമയം, തയാറെടുപ്പിന് ആവശ്യമായ സമയം ലഭിക്കില്ലെന്ന് നോർക്ക വിലയിരുത്തുന്നു. നേരത്തേ അമേരിക്കയിൽ നടന്ന മേഖല സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഒരുമാസം മുമ്പ് അനുമതി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.