കോഴിക്കോട്: വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വകാര്യ കമ്പനികളെ ഏല്പിക്കാനും അവര്‍ക്ക് ഇഷ്ടംപോലെ നിരക്ക് നിശ്ചയിക്കാനുമുള്ള സൗകര്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നയത്തിന്റെ ഭാഗമായാണ് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളുടെ വികസനം കേന്ദ്രം തടയുന്നതെന്നും നവകേരള സദസ്സിന്റെ ഭാഗമായുള്ള കോഴിക്കോട്ടെ പ്രഭാത സദസ്സിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കോഴിക്കോട് വിമാനത്താവള വികസനത്തിന് നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളിലെ 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടും ഇതുവരെ ടെൻഡർ നടപടി സ്വീകരിച്ചിട്ടില്ല. 95 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം ഏറ്റെടുത്തത്. പാർലമെന്ററി കമ്മിറ്റി പരിശോധിച്ച് റിപ്പോർട്ട് നൽകിയിട്ടും വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വിസ് നടത്താന്‍ ആവശ്യമായ പോയന്റ് ഓഫ് കാള്‍ കണ്ണൂർ വിമാനത്താവളത്തിനും ഇതുവരെ അനുവദിച്ചില്ല. കണ്ണൂരിന്റെ സമീപപ്രദേശങ്ങളിലെ വിദേശ ഇന്ത്യക്കാര്‍ക്ക് പൂര്‍ണമായ പ്രയോജനം ഉണ്ടാകണമെങ്കില്‍ വിദേശ കമ്പനികളുടെ അന്താരാഷ്ട്ര സർവിസുകള്‍ അത്യന്താപേക്ഷിതമാണ്. നിലവിൽ കണ്ണൂരിൽനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സർവിസ് നടത്തുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്‍ഡിഗോയുമാണ്. എയര്‍ ഇന്ത്യ, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികള്‍ സർവിസ് നിര്‍ത്തിയതോടെ കണ്ണൂരില്‍ ടിക്കറ്റ് നിരക്കിലും വന്‍ വർധനയാണുള്ളത്.
ഇത്ര കാലമായിട്ടും വിദേശ വിമാന സര്‍വിസ് അനുവദിക്കാതെ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം സ്വകാര്യ കുത്തകകളെ ഏല്പിക്കുന്ന തിരക്കിലാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ പ്രശ്നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രശ്നം പരിഹരിക്കാൻ പലരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെയും സംരക്ഷിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജും മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസിൽ മതിയായ നഷ്ടപരിഹാരവും പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയും വൈകുന്ന സഹചര്യത്തിൽ, കോഴിക്കോട്ട് നടക്കുന്ന നവകേരള സദസ്സിൽ നടപടി പ്രഖ്യാപിച്ചില്ലെങ്കില്‍ നവകേരള സദസ്സിന്റെ അവസാന ദിവസമായ ഡിസംബര്‍ 23ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് ഹർഷിന കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്കായി ഒക്ടോബര്‍ 28ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. 2017ൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ രണ്ടു ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.