തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ സുരക്ഷക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുള്ള നീക്കത്തിൽ പങ്കില്ലെന്ന നിലപാടിൽ സർക്കാർ. എന്നാൽ, പദ്ധതി നടപ്പാക്കാൻ ഉറച്ചുനീങ്ങുകയും ചെയ്യും. അതിനായി വ്യാപക പ്രചാരണ പരിപാടിയിലേക്ക് നീങ്ങാനും സി.പി.എം ഉദ്ദേശിക്കുന്നു.
കേന്ദ്രസേനയെ കൊണ്ടുവരാനുള്ള നീക്കത്തിൽ പ്രതിപക്ഷവും സമരസമിതിയും ഉയർത്തുന്ന എതിർപ്പ് അതിജീവിക്കാനാണ് സർക്കാർ നീക്കം. പദ്ധതി നടത്തിപ്പ് കമ്പനിയായ അദാനി ഗ്രൂപ്പാണ് കേന്ദ്രസേനയെ ആവശ്യപ്പെട്ടതെന്നും അതിൽ എതിർപ്പ് പ്രകടിപ്പിക്കാൻ സാഹചര്യമൊന്നുമില്ലാത്തതിനാലാണ് അനുകൂല നിലപാട് എടുത്തതെന്നുമാണ് സർക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും നിലപാട്.
അതിനാൽ കേന്ദ്രസേന എത്തിയശേഷം പദ്ധതി മേഖലയിൽ എന്ത് അനിഷ്ടസംഭവമുണ്ടായാലും അവരുടെ തലയിൽ കെട്ടിവെച്ച് സർക്കാറിന് കാഴ്ചക്കാരാകാം. കേന്ദ്രസേനയേ കൊണ്ടുവന്ന് വിരട്ടാൻ നോക്കേണ്ടെന്ന നിലപാടിലാണ് സമരസമിതി. സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക തയാറാക്കിയ പൊലീസ് അറസ്റ്റിന് സർക്കാറിന്‍റെ അനുമതി കാക്കുകയാണ്.
എത്ര എതിർപ്പുണ്ടായാലും പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും കടുത്ത നിലപാട്. പദ്ധതിക്കെതിരെ പ്രാദേശികമായും സഭ തലത്തിലും വരും നാളുകളിൽ പ്രതിഷേധം കടുക്കാനും സാധ്യതയുണ്ട്. അതുകൂടി മുന്നിൽകണ്ടാണ് കേന്ദ്രസേനക്ക് സർക്കാർ സമ്മതം മൂളിയത്.
സംസ്ഥാന സർക്കാറിന്‍റെ നിലപാടിലും നടപടികളിലും അദാനി ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ട്. പ്രതികളായ വൈദികരടക്കമുള്ളവർ സമരപ്പന്തലിൽ തുടരുകയാണെന്നും സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കോടതിയിൽ അദാനി പോർട്സ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
പദ്ധതി മേഖലക്ക് സംരക്ഷണമൊരുക്കുന്നെന്ന പേരിൽ പ്രതികളായ സമരക്കാരെയാണ് പൊലീസ് സംരക്ഷിക്കുന്നത്. ഇത് ഹൈകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും അവർ ആരോപിക്കുന്നു. ആർച്ച് ബിഷപ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിട്ടും മറ്റ് നടപടികളിലേക്ക് കടക്കാനാകാതെ ഉഴലുന്ന സർക്കാറിന് അദാനിയുടെ നിലപാടും വെല്ലുവിളിയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.