കൊച്ചി: കോവിഡ് വ്യാപനം മൂലം ഇന്ത്യൻ വിദ്യാർഥികളുടെ ചൈനയിലെ മെഡിക്കൽ പഠനം മുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ് ചെയ്യാൻ അനുവദിക്കണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്രസർക്കാറിന്റെ വിശദീകരണം തേടി. ഹൈകോടതി രജിസ്ട്രിയുമായി ആലോചിച്ച് ദേശീയ മെഡിക്കൽ കമീഷന് ഇ-മെയിലിൽ നോട്ടീസ് നൽകാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹരജിക്കാരോടും നിർദേശിച്ചു.
വിദേശ സർവകലാശാലകളിലെ മെഡിക്കൽ വിദ്യാർഥികളുടെ രക്ഷാകർതൃ സംഘടന നൽകിയ ഹരജിയിലാണ് ഉത്തരവ്. ഹരജി വീണ്ടും ഏപ്രിൽ നാലിന് പരിഗണിക്കാൻ മാറ്റി.
ചൈനീസ് സർവകലാശാലകൾ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും ദേശീയ മെഡിക്കൽ കമീഷൻ ഇതിന് അംഗീകാരം നൽകിയില്ല. അതേസമയം, ഇന്ത്യൻ കോളജുകൾക്ക് ഓൺലൈൻ ക്ലാസിന് അനുമതി നൽകുകയും ചെയ്തു. ഇത് വിവേചനപരമാണെന്നാണ് ഹരജിയിലെ വാദം.
ലോകാരോഗ്യസംഘടന അംഗീകരിച്ച ആശുപത്രികളിൽ ഇന്റേൺഷിപ് ചെയ്യാൻ ചൈനീസ് സർവകലാശാലകൾ അനുമതി നൽകിയിട്ടുണ്ടെങ്കിലും ദേശീയ മെഡിക്കൽ കമീഷൻ ഇതും അനുവദിക്കുന്നില്ലെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.