കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രസംഘം. വെള്ളിയാഴ്ച രാവിലെ ഗെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പരസ്യമായിത്തന്നെ കേരളത്തിന്റെ പ്രവർത്തനങ്ങളെ കേന്ദ്രസംഘം അഭിനന്ദിച്ചതായി മന്ത്രി വീണാ ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട്ട് എല്ലാ കാര്യങ്ങളും മാനദണ്ഡങ്ങൾക്കനുസരിച്ച് നന്നായി നടക്കുന്നുണ്ട്. മാത്രമല്ല, നിപ പോസിറ്റിവാണെന്ന് കണ്ടെത്തുന്നതിന് മുമ്പുതന്നെ അനുഭവസമ്പത്തുമൂലം വൈറസ് ബാധയെക്കുറിച്ച് അനുമാനത്തിലെത്തുകയും അതനുസരിച്ച് 12 മണിക്കൂറുകൾക്കുമുമ്പ് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇത് രോഗവ്യാപനത്തിന്റെ തോത് കുറച്ചു. ഇത് പ്രത്യേക അഭിനന്ദനം അർഹിക്കുന്നതാണെന്ന് കേന്ദ്രസംഘം അഭിപ്രായപ്പെട്ടു.
കോഴിക്കോട്: വവ്വാലുകൾ സസ്തനി വിഭാഗത്തിൽപെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പ്. നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് പഴംതീനി വവ്വാലുകൾ /കടവാതിലുകൾ എന്നിവ നിപ വൈറസ് മൂലം രോഗബാധിതരാവുകയോ ചാവുകയോ ചെയ്യുന്നതായി കണ്ടെത്തിയിട്ടില്ല. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസവ്യവസ്ഥയിൽ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ സമ്മർദം മൂലം ഇവയുടെ ശരീരത്തിലെ വൈറസിന്റെ തോത് കൂടാനും ശരീരസ്രവങ്ങളിലൂടെ വൈറസ് പുറന്തള്ളാനും ഇതുമൂലം രോഗവ്യാപനം കൂടാനും സാധ്യതയുണ്ട്.
കിണറുകളിലും ഗുഹകളിലും ആൾത്താമസമില്ലാത്ത കെട്ടിടങ്ങളിലും പാലങ്ങളുടെ അടിഭാഗത്തും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറുപ്രാണികളെയും പല്ലികളെയും ഭക്ഷിക്കുന്നതുമായ മറ്റിനം വവ്വാലുകൾ /നരിച്ചീറുകൾ ആണ്. മനുഷ്യരുടെ കൂടെ തന്നെ കാലങ്ങളായി ചേർന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസർ അറിയിച്ചു.
കുറ്റ്യാടി: നിപയുടെ ഉറവിടം കണ്ടെത്താൻ മരുതോങ്കരയിൽനിന്ന് വവ്വാലുകളെ പിടികൂടി സ്രവമെടുത്ത് പരിശോധനക്കയച്ചു. നിപ മരണവും രോഗവും റിപ്പോർട്ട് ചെയ്ത മരുതോങ്കര പഞ്ചായത്തിലെ കള്ളാട് നിന്നാണ് കേന്ദ്ര സംഘം സ്രവം ശേഖരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പ്രദേശം സന്ദർശിച്ച സംഘം വൈകീട്ടെത്തി വലവിരിക്കുകയായിരുന്നു. രാത്രി സഞ്ചാരത്തിനിടയിൽ വലയിൽ കുടുങ്ങിയ വവ്വാലുകളെയാണ് ശനിയാഴ്ച രാവിലെ സംഘം പിടികൂടി സ്രവമെടുത്തത്. 24 വവ്വാലുകൾ വലയിൽ കുടുങ്ങി. മരിച്ച മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള മലോൽതാഴയാണ് വലവിരിച്ചത്. നൂറോളം വവ്വാലുകളുടെ സ്രവം പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.