പെരിന്തൽമണ്ണ: ഉന്നതപഠനത്തിന് മതിയായ അവസരങ്ങളില്ലാത്ത മലപ്പുറത്ത് ഏറെ പ്രതീക്ഷയോടെ വന്ന അലീഗഢ് സർവകലാശാല സെൻറിന് ഞായറാഴ്ച പത്താം വാർഷികം. 2011 ഫെബ്രുവരി 28 നാണ് പെരിന്തൽമണ്ണ ചേലാമലയിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ 385 ഏക്കർ ഭൂമിയിലെ താൽക്കാലിക കേന്ദ്രത്തിൽ സർവകലാശാല ആരംഭിച്ചത്. 2020ഒാടെ സ്വതന്ത്ര സർവകലാശാലയായി മാറുമെന്നാണ് പറഞ്ഞിരുന്നത്. സയൻസ്, ആർട്സ് കോഴ്സുകൾക്ക് പുറമെ മെഡിക്കൽ, എൻജിനീയറിങ് കോളജുകളും അനുബന്ധ കോഴ്സുകളും ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രാരംഭദശയിലുള്ള കോഴ്സുകൾക്ക് പുറമെ വിദൂരവിദ്യാഭ്യാസമെന്ന നിലയിൽ ആരംഭിച്ച ഏതാനും കോഴ്സുകൾ മാത്രമാണിപ്പോഴിവിടെയുള്ളത്. പത്തുവർഷമായി അവഗണന തുടരുന്ന കേന്ദ്ര സർക്കാർ നിലപാടിൽ ഇപ്പോഴും മാറ്റമില്ല.
1200 കോടി രൂപയുടെ ബൃഹത് പദ്ധതി തയാറാക്കി നൽകിയതിൽ 104.93 കോടിയുടെ പദ്ധതിയാണ് ഇതിനകം അംഗീകരിച്ചത്. ഇതിൽ കേവലം 60 കോടി രൂപയാണ് ഇക്കാലത്തിനിടെ വികസനത്തിനായി അനുവദിച്ചത്. 2010-11ൽ ആരംഭിച്ച 60 സീറ്റുള്ള ബി.എ എൽഎൽ.ബി, 60 സീറ്റുള്ള എം.ബി.എ, 2014ൽ ആരംഭിച്ച 50 സീറ്റുള്ള ബി.എഡ് കോഴ്സുകൾ മാത്രമാണ് റഗുലറായി ഉള്ളത്. പുറമെ 20ഒാളം ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അനുമതി തേടിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.
20 കോഴ്സുകൾക്കും കേരളത്തിൽ ഇല്ലാത്ത ട്രേഡുകളോടെ ഒരു പോളിടെക്നിക്കിനും 2017ൽ നിർദേശം സമർപ്പിച്ചതാണ്. സർവകലാശാല അംഗീകരിച്ചാലും കോഴ്സ് ആരംഭിക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കനിയണം. കേന്ദ്രം കോഴ്സുകൾ ആരംഭിക്കുന്നില്ലെങ്കിൽ ഭൂമി തിരികെയെടുത്ത് സംസ്ഥാനം പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ഒരുവർഷം മുമ്പ് നിയമസഭയിൽ പറഞ്ഞിരുന്നു.
പെരിന്തല്‍മണ്ണ: പത്തു വർഷത്തിനകം പ്രധാന കോഴ്സുകളും ഡിപ്പാർട്ടുമെൻറുകളുമടക്കം സ്വതന്ത്ര സർവകലാശാലയുടെ രൂപത്തിലേക്ക് മാറുമെന്ന് പ്രതീക്ഷ നൽകിയ പെരിന്തൽമണ്ണയിലെ അലീഗഢ് കാമ്പസിൽ ഇപ്പോൾ പ്രധാനമായുമുള്ളത് വിദൂരവിദ്യാഭ്യാസപഠനം.
തുടക്കത്തിലുള്ള മൂന്ന് റഗുലർ കോഴ്സുകൾക്ക് പുറമെ കാര്യമായ ചുവടുവെപ്പ് നടന്നത് വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ റീജണല്‍ സെൻററായി പ്രഖ്യാപിച്ചെന്നതിലാണ്. പ്ലസ്ടു, ബി.കോം, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എൽ.ഐ.എസ് എന്നീ ബിരുദ കോഴ്സുകളും പി.ജി കോഴ്സായ എം.കോമും പുതുതായി വിദൂരവിദ്യാഭ്യാസത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പി.ജി ഡിപ്ലോമ ഇന്‍ ജേണലിസം, ഗൈഡന്‍സ് ആന്‍ഡ് കൗൺസലിങ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, മാര്‍ക്കറ്റിങ് മാനേജ്മെൻറ് തുടങ്ങിയവയും സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹാര്ഡ്വെയര് ആൻഡ് നെറ്റ്്വര്‍ക്കിങ് ടെക്നോളജി തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമടക്കം 20 കോഴ്സുകൾക്ക് നിലവിൽ മലപ്പുറം കേന്ദ്രത്തെ ആശ്രയിക്കാം. സർവകലാശാല നടത്തുന്നവയാണ് ഇതെല്ലാം. പുറമെ എം.ബി.എ, 15ഒാളം ബിരുദ കോഴ്സുകൾ, എട്ട് ബിരുദാനന്തര കോഴ്സുകൾ എന്നിവക്ക് യു.ജി.സി അനുമതി തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.