കാസർകോട്: കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ ഇരട്ട ആനൂകൂല്യം കൈപ്പറ്റുന്നതായി ആരോപണം. കേരള സർവകലാശാലയിൽനിന്ന് വിരമിച്ചശേഷം കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പദവി ഏറ്റെടുത്ത അദ്ദേഹം കേരള സർവകലാശാലയിൽനിന്നുള്ള ഡി.എയും പെൻഷനോടൊപ്പമുള്ള ഡി.എയും (ഡിയർനസ് റിലീഫ്) കൈപ്പറ്റുന്നതായാണ് രേഖകളിലുള്ളത്. വിവരാവകാശ പ്രകാരം ലഭിച്ച രേഖയുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ പ്രഫസർ ഡോ. പി.കെ. രാധാകൃഷ്ണന് ലഭിച്ച പരാതിയിൽ കേന്ദ്ര സർവകലാശാലക്ക് വിശദീകരണ നോട്ടീസ് അയച്ചു.
ഇക്കാര്യം കേന്ദ്ര സർവകലാശാല അധികൃതർ സ്ഥിരീകരിച്ചു. 2014 ആഗസ്റ്റ് മുതൽ 2017 ഒക്ടോബർ അഞ്ചുവരെയുള്ള കാലയളവിൽ കേരള സർവകലാശാലയിൽനിന്ന് ഡി.എ (ഡിയർനസ് റിലീഫ്) വാങ്ങിയിട്ടുണ്ട്. സർവിസിലിരിക്കെ നൽകുന്ന ഡി.എയെ പെൻഷൻ സമയത്ത് അറിയപ്പെടുന്നത് ഡിയർനെസ് റിലീഫ് എന്നാണ്. ഇതേ കാലയളവിൽ കേന്ദ്ര സർവകലാശാലയിൽ ശമ്പളത്തോടൊപ്പം അദ്ദേഹം ഡി.എയും വാങ്ങിയിട്ടുണ്ട്. കേരള സർവകലാശാലയിൽനിന്നും വിരമിച്ച് കേന്ദ്ര സർവകലാശാലയിലേക്ക് മാറിയപ്പോൾ പെൻഷനിലെ അടിസ്ഥാന ശമ്പളമാണ് ഒഴിവാക്കിയത്. അടിസ്ഥാന ശമ്പളത്തിെൻറ 133 ശതമാനമായ ഡിയർനസ് റിലീഫ് ഒഴിവാക്കിയിരുന്നില്ല. ഇതുവഴി 14, 44855 രൂപയാണ് ഡിയർനസ് റിലീഫായി വൈസ് ചാൻസലർ കൈപ്പറ്റിയത്. കേന്ദ്ര സർവകലാശാലയിൽ വി.സിയുടെ അടിസ്ഥാന ശമ്പളം 75000 ആണ്. ഇതോടൊപ്പം ഡി.എ 1.02 ലക്ഷവും വാങ്ങിയിട്ടുണ്ട്. സർവിസ് ചട്ടമനുസരിച്ച്, എവിടെയാണോ ഏറ്റവും കൂടുതൽ ഡിയർനസ് അലവൻസ് അല്ലെങ്കിൽ ഡിയർനസ് റിലീഫ് അതായിരിക്കണം വാങ്ങേണ്ടത്. വിലക്കയറ്റത്തിനനുസരിച്ച് രൂപപ്പെടുത്തുന്നതാണ് ഡി.എ. എന്നാൽ, വൈസ് ചാൻസലർ ജി. ഗോപകുമാർ 2014 ആഗസ്റ്റ് മുതൽ 2017 ഒക്ടോബർ അഞ്ചുവരെയുള്ള കാലയളവിൽ ഇത് രണ്ടും വാങ്ങിയതാണ് ചട്ടലംഘനമായി കരുതുന്നത്.
അതേസമയം, കേരള സർവകലാശാലയിൽനിന്ന് കൈപ്പറ്റുന്ന അടിസ്ഥാന പെൻഷൻ ഒഴിവാക്കിയാണ് വി.സിക്ക് ശമ്പളം നൽകുന്നതെന്ന് കേന്ദ്ര സർവകലാശാല രജിസ്ട്രാർ എം. രാധാകൃഷ്ണൻ നായർ പ്രതികരിച്ചു. വി.സിക്ക് ശമ്പളമാണ് നൽകുന്നത്. ഡി.എ അദ്ദേഹത്തിന് കൈപ്പറ്റാമെന്ന് 2013ലെ യു.ജി.സി ചട്ടം പറയുന്നുണ്ട്. കേരള സർവകലാശാലയിൽനിന്നും ലഭിച്ച കത്തിന് വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.