കേന്ദ്ര വാഴ്സിറ്റി: എ.ബി.വി.പി നേതാവിന്റെ നിയമനം ഹൈകോടതി തടഞ്ഞു

കാസർകോട്: യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതകളുള്ളവരെ മറികടന്ന് എ.ബി.വി.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡൻറിനെ കേന്ദ്ര സർവകലാശാല സോഷ്യൽ വർക്സ് വകുപ്പിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ച നടപടി ഹൈകോടതി തടഞ്ഞു. കേന്ദ്ര സർവകലാശാല കേരളയിലെ അസി. പ്രഫസർ ഡോ. ലക്ഷ്മി കുന്ദർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എ.ബി.വി.പി നേതാവും നിലവിൽ മധ്യപ്രദേശ് അമർഖണ്ഠക് ഗോത്ര സർവകലാശാല അസി. പ്രഫസറുമായ എം. നാഗലിംഗം, കേന്ദ്ര കേരള സർവകലാശാല വൈസ് ചാൻസലർ എച്ച്. വെങ്കിടേശ്വരലു, രജിസ്ട്രാർ മുരളീധരൻ നമ്പ്യാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി നൽകിയത്. കോടതി തീരുമാനമുണ്ടാകുന്നതുവരെ നിയമനം നടത്തരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറയുന്നു.

കേന്ദ്ര സർവകലാശാല നിയമനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയതാൽപര്യം നിറഞ്ഞിരിക്കുന്നുവെന്ന വ്യാപക ആരോപണത്തിന് പിന്നാലെയാണ് കോടതി ഇടപെടൽ. അസോസിയേറ്റ് പ്രഫസർ നിയമനത്തിന് എട്ടുവർഷത്തെ പ്രവൃത്തി പരിചയം യു.ജി.സി ശമ്പളനിരക്കിൽ ഉണ്ടായിരിക്കണം. നാഗലിംഗത്തിന് മധ്യപ്രദേശ് അമർഖന്ത് ഗോത്ര സർവകലാശാലയിൽ (എ.ടി.യു.എം.പി) അഞ്ചുവർഷത്തെ പരിചയം മാത്രമാണുള്ളത്. പിന്നീട് അദ്ദേഹം കോയമ്പത്തൂർ അമൃത സർവകലാശാലയിലാണുണ്ടായത്. അവിടെ യു.ജി.സി സ്കെയിലിലല്ല ജോലിചെയ്തത്. പബ്ലിക്കേഷൻ യോഗ്യതയിൽ യു.ജി.സി ലിസ്റ്റ് ചെയ്ത പ്രസിദ്ധീകരണങ്ങളിൽ ഏഴെണ്ണം വേണം. നാഗലിംഗത്തിന് മതിയായ പ്രസിദ്ധീകരണങ്ങളില്ല. അതേസമയം, ഹരജിക്കാരിക്ക് ഇതെല്ലാമുണ്ടെന്ന് വാദിക്കുന്നു. രാഷ്ട്രീയനിയമനമാണ് നാഗലിംഗത്തിന്റേതെന്ന വാദമാണ് ഹരജിക്കാരിയുടേത്.

സോഷ്യൽ വർക്ക് വകുപ്പിൽ അസി. പ്രഫസറായി നിയമിക്കപ്പെട്ട പ്രഫ. രാജേന്ദ്ര ബൈക്കടിക്ക് ചട്ടവിരുദ്ധമായ ഓൺലൈൻ അഭിമുഖമാണ് നടന്നത്. അഭിമുഖത്തിന് എത്തുന്നതിന് നൽകിയ കത്തിൽ 'ഓഫ്ലൈൻ' എന്ന് പറഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് പരിശോധന ഓൺലൈൻ വഴി നടത്താനാവില്ല. സർവകലാശാലയിൽ 2015വരെ ഡെപ്യൂട്ടേഷനിൽ ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് അസോ. പ്രഫസറായിരുന്ന ഡോ. എസ്.ആർ. ജിതയെ പ്രതികാരബുദ്ധ്യാ തടഞ്ഞുവെന്നതാണ് മറ്റൊരു ആരോപണം. ഇപ്പോഴത്തെ ഡീൻ ഡോ. കെ. ജയപ്രസാദിനേക്കാൾ സ്കോർ ഏറെ മുന്നിലായിരുന്നുവെങ്കിലും ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡൻറായിരുന്നുവെന്ന നിലയിൽ അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് ചെമ്പഴന്തി കോളജിൽ ചേർന്ന ജിത ജയപ്രസാദിന്റെ നിയമനത്തിനെതിരെ നൽകിയ ഹരജിയിൽ സർവകലാശാലയിൽതന്നെ തീർപ്പാക്കാൻ കോടതി നിർദേശിച്ചിരുന്നു.

12 വർഷമായി ഗുജറാത്ത് കേന്ദ്ര സർവകലാശാലയിൽ മികച്ച പ്രൊഫൈലോടെ അസി.പ്രഫസറാണ് ഡോ. സോണി കുഞ്ഞപ്പൻ. അദ്ദേഹത്തെ പരിഗണിക്കാതെ ഗുജറാത്ത് മോഡൽ ഓഫ് ഗവേണൻസിന്റെ വിജയഗാഥയിൽ പഠനം നടത്തിയ ഡോ. ജി. ദുർഗാറാവുവിനായിരുന്നു നിയമനം നൽകിയത്. മൂന്നു പബ്ലിക്കേഷൻസ് മാത്രമാണുള്ളത്. പിഎച്ച്.ഡി അസ്സൽ സർട്ടിഫിക്കറ്റും ഹാജരാക്കിയില്ലെന്ന് പറയുന്നു.

Tags:    
News Summary - Central Varsity: ABVP leader's appointment blocked by High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.