കേന്ദ്ര അംഗീകാരമായി; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തോടെ പ്രവര്‍ത്തനസജ്ജമാകും

കോഴിക്കോട് : തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ചന്ദ്രപ്രകാശ് ഗോയലുമായി വനം മന്ത്രി നടത്തിയ പ്രത്യേക ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി.

ഇതോടെ തൃശൂര്‍ മൃഗശാലയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും മൃഗങ്ങളെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കാനാകും. ഓണത്തോടെ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനസൃഷ്ടിച്ച് പുത്തൂരിലെ 350 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ ചെലവിലാണ് സുവോളജിക്കല്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

മൃഗശാല ഡിസൈനര്‍ ജോന്‍ കോ ഡിസൈന്‍ ചെയ്ത പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയാണ്. വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ തുറസായി പ്രദര്‍ശിപ്പിക്കുവാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് മൃഗശാലയുടെ പ്രധാന ആകര്‍ഷണീയത. ഇത്തരത്തില്‍ 23 ഇടങ്ങളാണ് സുവോളജിക്കല്‍ പാര്‍ക്കിലുള്ളത്. ഇവയില്‍ മൂന്നെണ്ണം വിവിധയിനം പക്ഷികള്‍ക്കുള്ളവയാണ്. വിശാലമായ പാര്‍ക്കിംഗ് സ്ഥലം , റിസപ്ഷന്‍ ആന്‍ഡ് ഓറിയന്റേഷന്‍ സെന്റര്‍, സര്‍വ്വീസ് റോഡുകള്‍, ട്രാം റോഡുകള്‍, സന്ദര്‍ശക പാതകള്‍, ടോയിലറ്റ് ബ്‌ളോക്കുകള്‍, ട്രാം സ്റ്റേഷനുകള്‍, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദര്‍ശക ഗാലറികള്‍, കഫറ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാര്‍ട്ടേഴ്‌സുകള്‍, വെറ്റിനറി ആശുപത്രി സമുച്ചയം, മൃഗങ്ങള്‍ക്കുള്ള ഭക്ഷണശാലകള്‍ എന്നിവയും പാര്‍ക്കിന്റെ ഭാഗമാണ്.

പാര്‍ക്കിന് കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സ്ഥലപരിമിതി കൊണ്ട് പൊറുതി മുട്ടുന്ന തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ഉടന്‍ മോചനമാകും. സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ ഉഭയജീവികള്‍ ഉള്‍പ്പെടെ 64 ഇനങ്ങളിലായി 511 ജീവികളാണ് ഇവിടെയുള്ളത്. സ്റ്റേറ്റ് മ്യൂസിയവും, മൃഗശാലയും ചേര്‍ന്ന് 13 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളില്‍ നിന്നുള്ള അപൂർവയിനം പക്ഷിമൃഗാദികളെയും പാര്‍ക്കിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 

Tags:    
News Summary - Centrally approved; Puthur Zoological Park will be operational by Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.