‘നീലപ്പെട്ടി’ വലിച്ചെറിയണമെന്ന പ്രസ്താവന ദോഷം ചെയ്തു: എൻ.എൻ. കൃഷ്ണദാസിന് ജില്ല സെക്രട്ടേറിയറ്റിൽ വിമർശനം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് സമയത്ത് മാധ്യമപ്രവർത്തകർക്കെതിരെ സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് നടത്തിയ വിവാദ പരാമർശത്തിൽ സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റിൽ വിമർശനം. ‘ഇറച്ചിക്കടക്കു മുന്നിൽ നിൽക്കുന്ന പട്ടികളെ’ന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയാറാവാതിരുന്നത് തെരഞ്ഞെടുപ്പിൽ ദോഷംചെയ്തു. ‘നീലപ്പെട്ടി’ ദൂരേക്ക് വലിച്ചെറിയണമെന്ന കൃഷ്ണദാസിന്റെ പ്രസ്താവന നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കിയെന്നും വിമർശനമുയ൪ന്നു. ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ എൻ.എൻ. കൃഷ്ണദാസിന്‍റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനം.

ഡോ. പി. സരിനെ സ്ഥാനാർഥിയാക്കിയത് കൃത്യമായ രാഷ്ട്രീയ നിലപാടായിരുന്നെന്നും പ്രചാരണവിഷയത്തിൽ പാർട്ടിക്ക് വീഴ്ചയുണ്ടായില്ലെന്നും ജില്ല സെക്രട്ടേറിയറ്റ് വിലയിരുത്തി. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയത്ത് പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിടുന്നെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അനിശ്ചിതത്വങ്ങൾക്കൊടുവിൽ എൽ.ഡി.എഫ് കൺവെൻഷനിലേക്ക് ഷുക്കൂറുമായെത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകർക്കെതിരെ എൻ.എൻ. കൃഷ്ണദാസിന്‍റെ വിവാദ പരാമർശം. 

Tags:    
News Summary - NN Krishnadas criticized in the district secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.