ചോദ്യപേപ്പർ ചോർച്ച: എം.എസ് സൊലൂഷൻസ് സി.ഇ.ഒ മുൻകൂർ ജാമ്യാപേക്ഷ നൽകി

കോഴിക്കോട്‌: ചോദ്യപേപ്പർ ചോർച്ചയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുനീങ്ങുന്നതിനിടെ ആരോപണ വിധേയനായ എം.എസ് സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ശുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കേസ് കോടതി അടുത്ത ആഴ്ച പരിഗണിക്കും.

കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌.പി ഇ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ശുഹൈബിന്‍റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്, ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള ഡിജിറ്റിൽ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈൽ ഫോണുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശുഹൈബ് കോടതിയെ സമീപിച്ചത്.

താൻ നിരപരാധിയാണെന്നും പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ പ്രവചിക്കുകയാണ് താൻ ചെയ്തതെന്നും തന്നെ മനഃപൂർവം കരുവാക്കുകയാണെന്നും അഡ്വ. പി. കുമാരൻകുട്ടി, എം. മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

തട്ടിപ്പ്, വിശ്വാസ വഞ്ചന, ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കേസിൽ ശുഹൈബിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. വിഷയത്തിൽ അന്വേഷണം അധ്യാപകരിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകളുടെ ചോദ്യങ്ങൾ ചോർന്നെന്നാണ് ആരോപണം.

കേസിൽ ഡി.ഡി.ഇ മനോജ് മണിയൂർ, താമരശ്ശേരി ഡി.ഇ.ഒ എൻ. മൊയീനുദ്ദീൻ, എ.ഇ.ഒ അബ്ദുൽ ഖാദർ, ചോദ്യം ചോർന്നതായി നേരത്തേ പരാതി നൽകിയ ചക്കാലക്കല്‍ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ എന്നിവരിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു.

Tags:    
News Summary - Question paper leak: MS Solutions CEO moves for anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.