ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടിയെന്നാണ് സൂചന. എന്നാൽ കേരളം ആവശ്യപ്പെട്ടതുപോലെ ലെവൽ 3 വിഭാഗത്തിലാണോ ഉൾപ്പെടുത്തിയത് എന്ന് വ്യക്തമല്ല. 2219 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം. മാർഗ നിർദേശങ്ങൾക്കനുസരിച്ചാകും സഹായ ധനത്തിൽ തീരുമാനം.
ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉൾപ്പെടുത്തിയത്. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽ പെടുത്താൻ ആയിരുന്നു കേരളം ആവശ്യപ്പെട്ടത്. ലെവൽ 3 ദുരന്തത്തിൽ ഉൾപ്പെടുത്തിയോ എന്ന കാര്യം കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. ദുരന്തബാധിതർ മാസങ്ങളായി ദുരിത ജീവിതം നയിക്കുകയാണ്. കേന്ദ്ര ചട്ടപ്രകാരം കേരളത്തിലെ നഷ്ടപരിഹാരം ദുരന്തബാധിതർക്ക് ആശ്വാസകരമല്ല.
അതിനിടെ വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എം.പിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി. 2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്.
ഉരുള്‍പൊട്ടലില്‍ ആ പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. കുടുംബത്തെ മുഴുവൻ നഷ്ടമായവരുണ്ട്. അതില്‍ ചെറിയ കുട്ടികളുമുണ്ട്. അവര്‍ക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അത് രാജ്യത്തിനാകെ, പ്രത്യേകിച്ച് ദുരന്തത്തിന്‍റെ ഇരകള്‍ക്ക് മോശമായ സന്ദേശമാണ് നല്‍കുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസിലാക്കണമെന്ന് അമിത് ഷായോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവിലെ മാനദണ്ഡങ്ങൾ ഇത് അനുവദിക്കുന്നില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞത്. ഡൽഹിയിൽ കേരളത്തിന്റെ സ്‌പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന കെ.വി. തോമസിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.