തിരുവനന്തപുരം: ഓഖി ദുരന്തവും അനുബന്ധ നാശനഷ്ടങ്ങളും കണക്കിലെടുത്ത് തീരമേഖലയുടെ സമഗ്രവികസനത്തിന് 3500 കോടി രൂപയുടെ കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ലത്തീന്‍ സഭ. കണ്ടെത്താനുള്ളവരെയും മരിച്ചവരെയും ദുരിതാശ്വാസം സംബന്ധിച്ചും ധവളപത്രം പുറപ്പെടുവിക്കണമെന്നും ലത്തീന്‍ രൂപതകളുടെ ഏകോപനസമിതിയുടെ നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു. ഒാഖി ദുരന്തബാധിതരെ സന്ദർശിക്കാൻ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കാനുള്ള നിവേദനവും തയാറാക്കി.
തീരത്തിെൻറ സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യവികസനം, മത്സ്യബന്ധനത്തിന് ശാസ്ത്രീയ സാഹചര്യമൊരുക്കല്‍, വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ ലഭ്യത, ഭവനനിര്‍മാണം എന്നിവ കേന്ദ്ര പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുമെന്ന് ലത്തീന്‍ അതിരൂപത ആര്‍ച് ബിഷപ് ഡോ.എം. സൂസപാക്യം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
നാവികസേനയിലും തീരസംരക്ഷണ സേനയിലും മറൈന്‍ പൊലീസിലും മത്സ്യത്തൊഴിലാളികള്‍ക്ക് 25 ശതമാനം പ്രാതിനിധ്യം നല്‍കണം. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടും.
മത്സ്യത്തൊഴിലാളി സമൂഹത്തിലെ വിദ്യാർഥികള്‍ക്കായി സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും യോഗം തീരുമാനിച്ചു. വാര്‍ത്തസമ്മേളനത്തില്‍ കെ.ആര്.എല്‍.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, സെക്രട്ടറി ആൻറണി ആല്‍ബര്‍ട്ട്, യൂത്ത് കമീഷന് സെക്രട്ടറി ഫാ. പോള്‍ സണ്ണി, എല്‍.സി.വൈ.എം പ്രസിഡൻറ് ഇമ്മാനുവല്‍ മൈക്കിള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.