തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന് കേരളത്തോടുള്ള പകപോക്കല്‍ സമീപനം വിഴിഞ്ഞത്തിന്റെ കാര്യത്തിലും തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറുമുഖത്തിന് കേന്ദ്രം അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) പലമടങ്ങായി തിരിച്ചടച്ചേ തീരൂവെന്ന് കേന്ദ്രം വീണ്ടും അറിയിച്ചത് ഇതിന്റെ ഭാഗമാണ്.
ഇതുസംബന്ധിച്ച തീരുമാനം പിന്‍വലിക്കണമെന്നഭ്യർഥിച്ച് നല്കിയ കത്തിന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് അയച്ച മറുപടിയിലാണ് കേന്ദ്രം നിലപാട് ആവർത്തിച്ചതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തിന് ഗുണകരമായ പദ്ധതിക്കായി കേരളം എല്ലാ പിന്തുണയും നല്‍കുമ്പോഴാണ് സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്പിക്കുന്നത്. വി.ജി.എഫ് ഗ്രാന്റിൽ പുലര്‍ത്തിവന്ന നയത്തില്‍ നിന്നുള്ള വ്യതിയാനമാണിത്. വി.ജി.എഫ് മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്റായി നല്‍കുന്നതാണ്.
വായ്പയായി പരിഗണിക്കേണ്ടതല്ല. വിഴിഞ്ഞത്തിന് വി.ജി.എഫ് സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകൾ സംയുക്തമായി നല്കാന് തീരുമാനിച്ചതാണ്. കേന്ദ്രവിഹിതം 817.80 കോടി രൂപയും സംസ്ഥാന വിഹിതം 817.20 കോടി രൂപയുമാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോര്‍ട്ട് കമ്പനിക്ക് നല്‍കും.
കേന്ദ്രം നല്കുന്ന തുക വിഴിഞ്ഞം അന്താരാഷ്ട തുറമുഖ കമ്പനിക്ക് (വിസില്‍) ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോള്‍ അതിന്റെ 20 ശതമാനം വെച്ച് കേന്ദ്രത്തിന് സംസ്ഥാനം നല്‍കണമെന്നാണ് വ്യവസ്ഥ.
ഇപ്പോള്‍ നല്കുന്ന തുക 817.80 കോടി രൂപയാണെങ്കില്‍ തിരിച്ചടവിന്റെ കാലയളവില്‍ പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10,000 - 12,000 കോടി രൂപയായി തിരിച്ചടക്കേണ്ടിവരും.
കൊച്ചി മെട്രോയടക്കം വി.ജി.എഫ് അനുവദിച്ച പദ്ധതികൾക്കൊന്നും തിരിച്ചടവ് നിബന്ധന കേന്ദ്രം വെച്ചിരുന്നില്ല. വിഴിഞ്ഞം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനകം കേന്ദ്രം മുടക്കുന്ന വി.ജി.എഫ് ഫണ്ട് ജി.എസ്.ടി വിഹിതമായി അവർക്ക് ലഭിക്കും.
കേന്ദ്രത്തിന് പ്രതിവര്‍ഷം 6000 കോടി രൂപയുടെ അധിക വരുമാനമാവും വിഴിഞ്ഞം വഴി ലഭിക്കുക. എന്നിട്ടും സംസ്ഥാനത്തിന് അധിക ബാധ്യത ചുമത്താൻ ശ്രമിക്കുന്നു. തുച്ഛമായ തുക മുടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വലിയ ലാഭവിഹിതം പിടിച്ചടക്കുന്ന അവസ്ഥയാണുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.