എന്നും ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാവായിരുന്നു സി.എഫ്. തോമസ് . കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഏറെ ശബ്ദമുയർത്തി. തുടർച്ചയായി ഒൻപത് തവണ ചങ്ങനാശ്ശേരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് തന്നെ സർവാദരണീയനായ നേതാവാണെന്ന് തെളിയിക്കുന്നതാണ്. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിെൻറ വക്താവായി അറിയപ്പെടുേമ്പാൾ തന്നെ നിലപാടുകൾ സ്ഫുടമായി പറയുന്നതിലും ആർജവം കാണിച്ചിരുന്നു. മാണി സാറുമായി ഏറ്റവും അടുപ്പം പുലർത്തിയ നേതാവായിരുന്നു സി.എഫ്.
മാണി സാറിെൻറ ഹൃദയ സൂക്ഷിപ്പുകാരൻ ഞാനുമായി എങ്ങനെ ആത്മബന്ധം സൃഷ്ടിച്ചു എന്നതിന് ഒരു ഉത്തരമേയുള്ളൂ. അദ്ദേഹത്തിെൻറ ഹൃദയ വിശുദ്ധി. സത്യവിരുദ്ധമായ ഒന്നിനോടും സമരസപ്പെടില്ല എന്ന നിലപാട് അദ്ദേഹം സൂക്ഷിച്ചു. മാണിസാറിെൻറ വിയോഗത്തെ തുടർന്ന് എെൻറയും ജോസ് കെ.മാണിയുടെയും നിലപാടുകൾ അദ്ദേഹം സസൂഷ്മം നിരീക്ഷിച്ചിരുന്നു. പാർട്ടി ഭരണഘടനയും മാണി സാർ സ്വീകരിച്ച കീഴ്വഴക്കങ്ങളുമാണ് അദ്ദേഹം കണക്കിലെടുത്തത്. അങ്ങനെയാണ് ഒരു ദിവസം സത്യത്തിെൻറ ഒപ്പം മാത്രമേ നിൽക്കാൻ കഴിയൂ എന്ന മുഖവുരയോടെ ഫോണിൽ വിളിച്ചത്. പാർട്ടി ഭരണഘടന അനുശാസിക്കുന്ന രീതിയിലല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അറിയിച്ചു. അത് അങ്ങേയറ്റം ആത്മാർഥതയും സത്യസന്ധവുമാണെന്ന് പിന്നീട് തെളിഞ്ഞു. പാർട്ടി ചിഹ്നം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം വന്നപ്പോഴും സി.എഫ് നിലപാടിൽ ഉറച്ച് നിന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹവുമായി വലിയ ആത്മ ബന്ധമാണ് സൂക്ഷിച്ചത്.
ചികിത്സയിലായിരുന്നെങ്കിലും ഫോണിൽ വിളിച്ച് സി.എഫിനോട് കാര്യങ്ങൾ തിരക്കുമായിരുന്നു. ഏറ്റവും ഒടുവിൽ വിളിച്ചപ്പോൾ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യം പങ്കുവെ
ച്ചു. മന്ത്രിയാകട്ടെ, എം.എൽ.എയാകട്ടെ ഇക്കാലയളവിലൊന്നും സി.എഫ് തോമസിനെതിരെ ഒരു ആക്ഷേവും ഉയർന്നിട്ടില്ല എന്നത് അദ്ദേഹത്തിെൻറ മഹത്വമാണ് തെളിയിക്കുന്നത്. പാർട്ടിക്ക് മാത്രമല്ല പൊതു ജീവിതത്തിനും നാടിനും അദ്ദേഹത്തിെൻറ വേർപാട് തീരാ നഷ്ടമാണ്.
പി.ജെ. ജോസഫ് (കേരള കോൺഗ്രസ് (എം) വർക്കിങ്ങ് ചെയർമാൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.