മൂന്നു വർഷത്തെ മുനിസിപ്പൽ ഭരണത്തിൽ പൂർണ സംതൃപ്തിയുണ്ടെന്ന് ചെയർമാൻ കേയംതൊടി മുജീബും വൈസ് ചെയര്പേഴ്സൻ കെ. അജിതയും മാധ്യമങ്ങളോട് പറഞ്ഞു. ഒട്ടേറെ വികസനപ്രവർത്തനങ്ങൾ ഇക്കാലയളവിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. ക്ലീൻ കൽപറ്റ ഗ്രീൻ കൽപറ്റ പദ്ധതിക്കും ശുചീകരണത്തിനും പ്രത്യേക ശ്രദ്ധ നൽകി.
നഗര സൗന്ദര്യവത്കരണം വൻ വിജയമായി. സമ്പൂർണ പാർപ്പിട പദ്ധതി, കുടിവെള്ള പദ്ധതി, ലിങ്ക് റോഡുകൾ ഗതാഗതയോഗ്യമാക്കൽ, ആരോഗ്യ മേഖലയിൽ പ്രത്യേക പദ്ധതികൾ എന്നിവ നടപ്പാക്കി. മൂന്നു വര്‍ഷം നാലു ദേശീയ പുരസ്കാരങ്ങള്‍ നേടുന്ന കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റിയായി കല്പറ്റ നഗരസഭ മാറി.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് സ്വച്ഛ് ഭാരത് മിഷന് ദേശീയ പുരസ്കാരവും ദേശീയ റാങ്കിങ്ങില്‍ കേരളത്തിലെ രണ്ടാം സ്ഥാനവും നഗരസഭ നേടി. വെളിയിട വിസർജന സംസ്കരണത്തിന് ഒ.ഡി.എഫ് പ്ലസ്-പ്ലസ് ദേശീയ പുരസ്കാരം നേടിയെടുത്ത കേരളത്തിലെ 87 മുനിസിപ്പാലിറ്റികളില്‍ ഏക നഗരസഭ കല്പറ്റയാണ്. നഗരമേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പാക്കിയ പരിഷ്കാരങ്ങൾക്ക് രണ്ടു തവണ ദേശീയ കായകല്പ അവാര്‍ഡും ലഭിച്ചു. പ്രവർത്തനമികവിനുള്ള ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് നേടുന്ന ജില്ലയിലെ ആദ്യ നഗരസഭയാണ് കല്പറ്റയെന്നും കെയംതൊടി മുജീബ് പറഞ്ഞു. കമ്പ്യൂട്ടര്‍ സാക്ഷരതയിലൂടെ ഇ-മുറ്റം പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയും കല്പറ്റയാണ്.
ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതി രൂപവത്കരണവും നിർവഹണവും പ്രവര്‍ത്തനമികവും വികസനവുമാണ് ദേശീയ-സംസ്ഥാന-ജില്ല അംഗീകാരങ്ങൾ കല്പറ്റയെ തേടിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് സ്റ്റേഷന് സമീപം ഓപണ്‍ സ്റ്റേജും ചുങ്കം ജങ്ഷനില്‍ ക്ലോക്ക് ടവറും ട്രാഫിക് ജങ്ഷനില്‍ ഗാന്ധിപ്രതിമയും സ്ഥാപിക്കും. 22 ലക്ഷം രൂപ മുടക്കി പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ഫുട്പാത്ത് നവീകരണം, 25 ലക്ഷം രൂപ ചെലവഴിച്ച് ആനപ്പാലം-എസ്.പി ഓഫിസ് റോഡില്‍ പുതിയ പോളുകള്‍ തയാറാക്കി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവര്‍ത്തനത്തിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
വെള്ളാരംകുന്ന്-പുഴമുടി-വെയര്‍ഹൗസ്-പുളിയാര്‍മല 10 കി.മീ. റോഡിനായി രാഹുൽ ഗാന്ധിയുടെ എം.പി ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉറവിടമാലിന്യ സംസ്കരണത്തിനായി 1000 റിങ് കമ്പോസ്റ്റ് സംവിധാനം നടപ്പാക്കുന്നതോടെ മാലിന്യമുക്ത നഗരസഭയായി കൽപറ്റയെ മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.