തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ ഇടതുസ്വഭാവം നിലനിർത്തുന്നതിന് നാല് താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രി എ.കെ. ബാലന് കത്ത് അയച്ച സംഭവത്തിൽ പ്രതികരണവുമായി ചെയർമാൻ കമൽ. സാംസ്കാരിക മന്ത്രിക്ക് കത്തെഴുതിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് കമൽ പറഞ്ഞു. കത്തിൽ അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതിൽ വീഴ്ചപ്പറ്റി. മന്ത്രിക്ക് എഴുതിയ കത്ത് വ്യക്തിപരമാണെന്നും അതുകൊണ്ടാണ് സെക്രട്ടറി കത്ത് കാണാതിരുന്നതെന്നും കമൽ പറഞ്ഞു.
ഇടതുപക്ഷ മൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കത്ത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയല്ല. സാംസ്കാരിക ലോകം വലതുപക്ഷത്തേക്ക് ചായുന്നത് പ്രതിരോധിക്കണം. നെഹ്റുവിന്റെ കാഴ്ചപ്പാട് പോലും ഇടതു സമീപനത്തോട് ചേർന്നതാണെന്നും കമൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
പിൻവാതിൽ നിയമനവും കൂട്ട സ്ഥിരപ്പെടുത്തലും നടത്തുന്നതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിക്കവെയാണ് മന്ത്രി എ.കെ. ബാലന് ചെയർമാൻ കമൽ അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ഇടതുപക്ഷ അനുഭാവികളും ഇടതു പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവർത്തന രംഗത്ത് നിലകൊള്ളുന്നവരുമായ നാലു പേരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുസ്വഭാവം നിലനിർത്താൻ സഹായകമാകുമെന്നാണ് കത്തിൽ കമൽ പറയുന്നത്.
എച്ച്. ഷാജി (ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ), റിജോയ് കെ.ജെ (േപ്രാഗ്രാം മാനേജർ), എൻ.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടർ, പ്രോഗ്രാം), വിമൽകുമാർ വി.പി (പ്രോഗ്രാം മാനേജർ) എന്നിവരെ സ്ഥിരപ്പെടുത്താനാണ് ശിപാർശ. കത്ത് പരിശോധിക്കാനാണ് മന്ത്രി എ.കെ. ബാലൻ നിർദേശം നൽകിയതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.