തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച അന്തിമ ചർച്ചകൾക്കായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ഡൽഹിയിൽ. ഇരുവരും പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമാകും. രണ്ടു ദിവസത്തിനകം പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സിറ്റിങ് എം.പിമാരെതന്നെ രംഗത്തിറക്കാനുള്ള പൊതുതീരുമാനം നേരത്തേ വന്നതിനാൽ ഇക്കുറി കോൺഗ്രസിൽ കാര്യമായ തർക്കങ്ങളോ സീറ്റിനായുള്ള വടംവലിയോ ഇല്ല. ആലപ്പുഴ, വയനാട്, കണ്ണൂർ സീറ്റുകളിൽ മാത്രമാണ് അവ്യക്തത തുടരുന്നത്.
വയനാട്ടിൽ രണ്ടാമങ്കം തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേരുമ്പോൾ രാഹുലിന്റെ നിലപാട് പറയും. ഇതുവരെയുള്ള സൂചനകളനുസരിച്ച് വയനാട്ടിൽ രാഹുൽതന്നെയാകും. കോൺഗ്രസ് സിറ്റിങ് എം.പിമാരിൽ നിലവിൽ മുസ്ലിം പേരില്ല. ന്യൂനപക്ഷ വോട്ട് കാര്യമായി പ്രതീക്ഷിക്കുന്ന കോൺഗ്രസിന് മുസ്ലിം പ്രാതിനിധ്യമില്ലാത്ത പട്ടിക മുന്നോട്ടു വെക്കാനാകില്ല. വയനാട്ടിൽ രാഹുൽതന്നെയെങ്കിൽ ആലപ്പുഴ അല്ലെങ്കിൽ കണ്ണൂരിൽ മുസ്ലിം വിഭാഗക്കാരന് സീറ്റ് നൽകും. കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റിൽ 15ലും സിറ്റിങ് എം.പിമാരെ നിർദേശിച്ച സ്ക്രീനിങ് കമ്മിറ്റി ആലപ്പുഴ ഒഴിച്ചിട്ടിരിക്കുകയാണ്.
സ്ക്രീനിങ് കമ്മിറ്റി പട്ടികയിൽ കണ്ണൂരിലേക്ക് കെ. സുധാകരന്റെ പേരാണുള്ളതെങ്കിലും മത്സരിക്കുന്നതിൽ അദ്ദേഹം അർധമനസ്സിലാണ്. സുധാകരൻ മാറുകയാണെങ്കിൽ കണ്ണൂരിൽ മുസ്ലിം സ്ഥാനാർഥിക്കായി ആലോചനയുണ്ട്. അബ്ദുൽ റഷീദ്, ടി. ആസിഫലി, മുഹമ്മദ് ബ്ലാത്തൂർ, മുഹമ്മദ് ഫൈസൽ എന്നിങ്ങനെ പേരുകൾ പറഞ്ഞുകേൾക്കുന്നു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെതിരെ കെ. സുധാകരനല്ലെങ്കിൽ വിജയസാധ്യത കുറയുമെന്നാണ് വിലയിരുത്തൽ. സുനിൽ കനഗേലുവിന്റെ സർവേ റിപ്പോർട്ടും അതാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം നിലനിർത്തി ഹൈകമാൻഡ് മത്സരിക്കാൻ അനുവദിച്ചാൽ സുധാകരൻനിന്നേക്കും. അങ്ങനെ വന്നാൽ, ആലപ്പുഴയിലാകും മുസ്ലിം പ്രതിനിധ്യം.
കെ.സി. വേണുഗോപാലിനുവേണ്ടിയാണ് ആലപ്പുഴ ഒഴിച്ചിട്ടിരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന് മത്സരിക്കാൻ ഹൈകമാൻഡ് അനുമതി നൽകാനിടയില്ല. രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായ കെ.സി. വേണുഗോപാൽ രാജിവെച്ചാൽ ഇന്നത്തെ നിലയിൽ ആ സീറ്റ് കോൺഗ്രസ് ജയിക്കില്ല.
മാത്രമല്ല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ആലപ്പുഴയിൽ തളച്ചിടപ്പെടുന്നത് കോൺഗ്രസിന്റെ കരുനീക്കങ്ങൾക്കും തിരിച്ചടിയാകും. എ.ഐ.സി.സിയുടെ താൽപര്യവും മുസ്ലിം പ്രാതിനിധ്യം ഉറപ്പിക്കാൻ മറ്റ് സീറ്റില്ലെന്ന സാഹചര്യവുമാകുമ്പോൾ ആലപ്പുഴയിൽ വേണുഗോപാൽ ഉണ്ടാകില്ലെന്നുതന്നെയാണ് വിവരം. മുൻ ഡി.ഡി.സി പ്രസിഡന്റ് എ.എ. ഷുക്കൂറിനാണ് അവിടെ സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.