ചന്ദ്രബോസ് കൊലക്കേസ്; പ്രതി നിസാമിന്‍റെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി

തൃശൂർ: പുഴക്കൽ ശോഭ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്‍റെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി. തൃശൂർ പേരാമംഗലം പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ഹമ്മർ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി തൃശൂർ ആർ.ടി.ഒ ഉത്തരവിറക്കി. ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണിത്.


ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബിസിനസുകാരനായ നിസാം കൊലപ്പെടുത്തിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. 2015 ജനുവരി 29ന് രാത്രിയാണ് സംഭവം. ആഡംബര വാഹനമായ ഹമ്മർ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. കേസിൽപ്പെട്ട് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ സാധാരണയായി പൊലീസ് പൊളിക്കാറില്ല. നിശ്ചിത കാലശേഷം സർക്കാർ അനുമതിയോടെ ലേലം ചെയ്യാറാണ് പതിവ്. നിസാമിന്‍റെ കാറിന്‍റെ കാര്യത്തിലും അതുതന്നെയാണ് നിലവിൽ പൊലീസിന്‍റെ മുന്നിലുള്ള വഴി. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കു മാത്രമേ ലൈസൻസും പെർമിറ്റും റദ്ദാക്കൂ. എന്നാൽ, വാഹനം ഉപയോഗിച്ചുള്ള ഏത് കുറ്റത്തിനും ഇത് ബാധകമാണ് എന്ന ഭേദഗതി നിർദേശപ്രകാരമാണ് നിസാമിന്‍റെ വാഹന രജിസ്ട്രേഷൻ റദ്ദാക്കുന്നത്.

വിയ്യൂരിലും കണ്ണൂരിലും ശിക്ഷ അനുഭവിച്ച നിസാം ഇപ്പോള്‍ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ജീവപര്യന്തവും 24 വര്‍ഷം തടവുശിക്ഷയുമാണ് ജില്ല കോടതി വിധിച്ചത്. വിധി റദ്ദാക്കാനാവശ്യപ്പെട്ട് നിസാം നൽകിയ അപ്പീൽ സുപ്രീംകോടതി ഹൈകോടതിക്ക് വിട്ടിരുന്നു. ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. അതേസമയം, സഹ തടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചെന്ന പരാതിയിൽ നിസാമിനെതിരെ മറ്റൊരു കേസുകൂടി കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരൻ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും ഇപ്പോഴാണ് പരാതിപ്പെടുന്നതെന്നും ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. 

Tags:    
News Summary - Chandra Bose murder case accused nisham's vehicle registration cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.