കൊച്ചി: തൃശൂർ ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരായ വിചാരണക്കോടതിയുടെ ശിക്ഷ വിധി ഹൈകോടതി ശരിവെച്ചു. കേസില്‍ തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തത്തിന് പുറമെ 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ നിഷാം നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പറയാനാവില്ലെന്ന് വിലയിരുത്തിയ കോടതി, നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും തള്ളി.
ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വിദേശനിർമിത ഹമ്മർ ജീപ്പിടിച്ച് നിഷാം കൊലപ്പെടുത്തിയെന്നാണ് കേസ്. 2015ലാണ് സംഭവം. പുലര്‍ച്ച മൂന്നിന് ശോഭസിറ്റിയിലെ ഫ്ലാറ്റിലേക്കെത്തിയ നിഷാമിന് ഗേറ്റ് തുറന്നുകൊടുക്കാൻ വൈകിയതിന്റെ പേരിലായിരുന്നു ആക്രമണം. 2016 ജനുവരി 20നാണ് തൃശൂർ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 50 ലക്ഷം മരിച്ച ചന്ദ്രബോസിന്‍റെ കുടുംബത്തിന് നൽകാനും ഉത്തരവിട്ടിരുന്നു. പേരാമംഗലം പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും 12 മണിക്കൂറിനുശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ബിസിനസ് എതിരാളികളും ചില സംഘടനകളും തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം നേരത്തേ ഹൈകോടതി തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാതെ അപ്പീലിൽ എത്രയും വേഗം വാദം പൂർത്തിയാക്കാൻ നിർദേശിച്ച് മടക്കി.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടന്നത് സംസ്കാര വിരുദ്ധ പ്രവൃത്തിയായിരുന്നു കൊലപാതകമെന്ന് 160 പേജുള്ള കോടതി ഉത്തരവിൽ പറഞ്ഞു. ഭ്രാന്തമായ ആക്രമണമാണ് നിഷാം നടത്തിയത്. വാഹനത്തിൽനിന്ന് പുറത്തിറക്കി കിടത്തിയ ചന്ദ്രബോസിന്റെ തലയിൽ നിഷാം ചവിട്ടിയതായി സാക്ഷിമൊഴിയുണ്ട്. സമൂഹമനഃസാക്ഷി മരവിപ്പിക്കുന്ന ഹീനവും ക്രൂരവുമായ ആക്രമണമാണ് പ്രതി നടത്തിയത്. സമ്പന്നനായ പ്രതി സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നയാൾക്കെതിരെ നടത്തിയ ആക്രമണം കുറ്റകൃത്യത്തിന്റെ തീവ്രത വർധിപ്പിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വധശിക്ഷ പരിഗണിക്കേണ്ട സ്ഥിതിയിലേക്ക് കേസ് വരുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിഷാം ഓടിച്ചിരുന്ന ഹമ്മർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വാഹനയുടമയായ ബംഗളൂരു സ്വദേശി കിരൺ രവി രാജു നൽകിയ ഹരജിയും കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.