സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയം സംബന്ധിച്ച ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. ദേശസാത്​കൃത ബാങ്കുകൾ, ഇതര ബാങ്കുകൾ എന്നിവയെക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കുംവിധമാണ് പലിശനിരക്ക് ക്രമീകരണം. പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം. കറന്‍റ്​ അക്കൗണ്ടുകൾക്കും സേവിങ്​സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ മാറ്റമില്ല.

കേരള ബാങ്കിലെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെയും പലിശനിരക്കിലും മാറ്റം വരുത്തിയിട്ടില്ല. നിക്ഷേപ സമാഹരണ കാലത്തെ നിക്ഷേപങ്ങൾക്ക് ആ സമയത്ത് നൽകിയിരുന്ന പലിശ തുടർന്നും ലഭിക്കും. പുതുക്കിയ നിരക്ക് ബുധനാഴ്ചയാണ് പ്രാബല്യത്തിൽ വന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് പരമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും. യോഗത്തിൽ സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, കേരള ബാങ്ക് എക്സിക്യുട്ടിവ് ഡയറക്ടർ കെ.സി. സഹദേവൻ, പാക്‌സ് അസോസിയേഷൻ സെക്രട്ടറി പി.പി. ദാമോദരൻ, വൈസ് പ്രസിഡന്റ് അഡ്വ.എം.സി. ബിനുകുമാർ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്തെ ഡെന്‍റൽ മേഖലക്ക്​ ദേശീയ അംഗീകാരം

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയവും ന്യൂഡൽഹി എയിംസിലെ സെന്റർ ഫോർ ഡെന്‍റൽ എജുക്കേഷൻ ആൻഡ്​ റിസർച്ചും ഡൽഹിയിൽ സംഘടിപ്പിച്ച നാഷനൽ ഓറൽ ഹെൽത്ത് പ്രോഗ്രാം ദേശീയ അവലോകന യോഗത്തിൽ കേരളത്തിന് അഭിനന്ദനം. ദന്താരോഗ്യ രംഗത്ത് കേരളത്തിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്ന് യോഗം വിലയിരുത്തി. സംസ്ഥാനം നടപ്പാക്കുന്ന ദന്താരോഗ്യ പദ്ധതികളായ മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം തുടങ്ങിയവ രാജ്യത്താകെ മാതൃകയായി. തമിഴ്നാട്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതികൾ ഏറ്റെടുത്തു.

3742 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ​ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 3742 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനുള്ള ലേലം മാർച്ച് 19ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. വിശദാംശങ്ങൾ www.finance.kerala.gov.in ൽ.

Tags:    
News Summary - Changed the rate of interest on investment in cooperative sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.