കണ്ണൂർ: 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പാനൂർ ബോംബ് സ്ഫോടന കേസിലെ മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അരുൺ, ഷിബിൻലാൽ, അതുൽ എന്നിവർക്കാണ് ജാമ്യം. കുറ്റപത്രം സമർപ്പിക്കാത്തത് പൊലീസിന്‍റെ അനാസ്ഥയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
15 പ്രതികളുള്ള പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്ന്, നാല്, അഞ്ച് പ്രതികളാണ് അരുണും ഷിബിൻലാലും അതുലും. കേസിൽ ആദ്യം അറസ്റ്റിലായി റിമാൻഡിലായ മൂവരും തിങ്കളാഴ്ചയാണ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹരാണെന്ന് നിരീക്ഷിച്ചാണ് തലശ്ശേരി കോടതി ജാമ്യമനുവദിച്ചത്. ശനിയാഴ്ച ഇവർ ജയിലിൽനിന്ന് പുറത്തിറങ്ങും.
കൂത്തുപറമ്പ് എ.സി.പിക്കായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല. കുറ്റപത്രം സമർപ്പിക്കാത്തതിന്‍റെ കാരണം അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ വിശദീകരിച്ചിട്ടില്ല. പല പ്രതികളെയും വ്യത്യസ്ത സമയങ്ങളിൽ അറസ്റ്റ് ചെയ്തതുകൊണ്ടാണ് കുറ്റപത്രം സമർപ്പിക്കുന്നതിൽ കാലതാമസമെന്നാണ് പാനൂർ എസ്.എച്ച്.ഒ പറയുന്നത്. എന്നാൽ പൊലീസ് പ്രാഥമിക കുറ്റപത്രം പോലും സമർപ്പിക്കാത്തത് വിമർശനത്തിന് ഇടയാക്കുന്നുണ്ട്.
ഏപ്രിൽ അഞ്ചിനാണ് പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം പ്രവർത്തകനായ ഷെറിൻ കൊല്ലപ്പെട്ടത്. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ സംഭവം, സി.പി.എമ്മിന് തിരിച്ചടിയായെന്നും പിന്നീട് വിലയിരുത്തലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.