ഒരുമനയൂരിൽ സ്ഫോടനമുണ്ടായ സ്ഥലം ഡോഗ് സ്ക്വാഡ് പരിശോധിക്കുന്നു, സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് ശേഖരിച്ച വെള്ളാരങ്കല്ല് കഷണങ്ങൾ

ഒരുമനയൂർ ബോംബ് സ്ഫോടനം: പ്രതി ഒന്നുമറിയാത്ത ഭാവത്തിൽ ആൾക്കൂട്ടത്തിൽ

ചാവക്കാട്: ഒരുമനയൂരിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച ശേഷവും പ്രതി പൊലീസ് പരിശോധന നടക്കുമ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ ആൾക്കൂട്ടത്തിൽ തന്നെ നിലയുറപ്പിച്ചു. കാളത്തോട് സ്വദേശിയും ഒരുമനയൂരില്‍ താമസക്കാരനുമായ ചേക്കുവീട്ടില്‍ അബ്ദുൽ ഷഫീഖ് (32) ആണ് പിന്നീട് പിടിയിലായത്.

ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ ഒരുമനയൂര്‍ പഞ്ചായത്ത് ആറാം വാർഡ് മുത്തന്‍മാവ് ഇല്ലത്തെ പള്ളിക്ക് മുന്‍വശത്തുള്ള ശാഖ റോഡിലായിരുന്നു സ്ഫോടനം. അന്വേഷണം ഊർജിതമായതോടെയാണ് ഷഫീഖ് സ്ഥലംവിട്ടത്. സംഭവസമയത്ത് ഇയാളെ അവിടെ കണ്ടവർ നൽകിയ സൂചനയനുസരിച്ചാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഡോഗ് സ്ക്വാഡിലെ നായും അവിടെയെത്തിയതോടെയാണ് സ്ഥിരീകരിച്ചത്. ഷഫീഖ് ദേഹം മുഴുവൻ പച്ചകുത്തിയിട്ടുണ്ട്. കഴുത്തിന് പിറകിൽ പച്ചകുത്തിയ ഒരാൾ സംഭവസമയത്തുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ അറിയിക്കുകയായിരുന്നു.

പഴന്തുണിയിൽ പൊതിഞ്ഞ് വെള്ളാരങ്കല്ലുകള്‍ നിറച്ച നാടൻബോംബാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്ത് കല്ലുകളുടെയും പഴന്തുണിയുടെയും കഷണങ്ങൾ ചിന്നിച്ചിതറി. ബോംബെറിഞ്ഞത് താനാണെന്ന് അബ്ദുൽ ഷഫീഖ് പൊലീസിനോട് സമ്മതിച്ചു.

സമാനരീതിയില്‍ ഇയാൾ മുമ്പും സ്ഫോടകവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും മണ്ണുത്തി, നെടുപുഴ, ഒല്ലൂർ, തൃശൂർ ഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിൽ അടിപിടി ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും ചാവക്കാട് പൊലീസ് അറിയിച്ചു.

പൊട്ടിത്തെറിച്ചത് ഗുണ്ടാണെന്നായിരുന്നു പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ, സംഭവസ്ഥലത്ത് കണ്ട വെള്ളാരങ്കല്ലുകളില്‍ വെടിമരുന്നിന്റെ ഗന്ധമുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ തൃശൂരില്‍നിന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെ കഴിഞ്ഞാണ് നാടൻബോംബാണെന്ന് സ്ഥിരീകരിച്ചത്.

പിടിയിലായ ഷഫീഖി​ന്റെ വീട് ബോംബ് സ്ക്വാഡും പൊലീസും പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തൃശൂരിൽനിന്നെത്തിയ ഡോഗ് സ്ക്വാഡിലെ നായ് സംഭവസ്ഥലത്തുനിന്ന് ഓടിയെത്തിയത് ഇയാളുടെ വീട്ടിലേക്കായിരുന്നു. വീട്ടിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് സ്ഫോടനം. ബോംബ് വീട്ടിൽ സൂക്ഷിച്ചതിന് മാതാവ് ശകാരിച്ചതിനു പിന്നാലെ മദ്യലഹരിയിൽ ഷഫീഖ് ബോംബ് വലി​ച്ചെറിയുകയായിരുന്നുവത്രെ.

Tags:    
News Summary - chavakkad orumanayur bomb blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.