തൃശൂർ: ചേലക്കര നിയോജക മണ്ഡലത്തിൽ ഒമ്പത് പഞ്ചായത്തുകളാണുള്ളത്. അവയിൽ രണ്ട് പ്രധാന പഞ്ചായത്തുകളാണ് പാഞ്ഞാൾ, തിരുവില്വാമല എന്നിവ. ഭാരതപ്പുഴക്ക് സമീപമാണ് തിരുവില്വാമല. പാഞ്ഞാൾ ഒരു തനി നാടൻ ഗ്രാമമാണ്. പാഞ്ഞാൾ, കിള്ളിമംഗലം, പൈങ്കുളം എന്നീ ഗ്രാമങ്ങൾ ചേർന്നതാണ് പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്. കൃഷി തന്നെയാണ് ജനങ്ങളുടെ മുഖ്യ ജീവിത മാർഗം. 12 ദിവസം നീണ്ടുനിൽക്കുന്ന അതിരാത്രമാണ് പാഞ്ഞാളിനെ പുറംലോകത്ത് ശ്രദ്ധേയമാക്കുന്നത്. പാഞ്ഞാള് ലക്ഷ്മിനാരായണ ക്ഷേത്രത്തില് താല്ക്കാലികമായി തയാറാക്കുന്ന യാഗശാലയിൽ നടക്കുന്ന അതിരാത്രം പ്രസിദ്ധമാണ്. അതിരാത്ര ഭൂമികക്ക് ചുറ്റുമുള്ള വയലുകളിൽ പണിയെടുക്കുന്നവർക്ക് പറയാൻ നൂറുകൂട്ടം പരാതികളുണ്ട്. പാഞ്ഞാളിൽ രണ്ടേക്കർ കൃഷിഭൂമിയുള്ള കർഷകനാണ് കനകൻ. മൂന്ന് പശുക്കളുമുണ്ട്. രാപ്പകൽ കൃഷിയിടത്തിലാണ് ജീവിതം. അതിനിടെ രാഷ്ട്രീയം പറയാനൊന്നും സമയമില്ലെന്ന് കനകൻ പറയുന്നു. പ്രത്യേക പാർട്ടിയിലൊന്നും പ്രവർത്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലമാകുമ്പോൾ വോട്ട് ചോദിച്ച് എല്ലാവരും വരും. ആരെങ്കിലും ഒരാൾക്ക് വോട്ട് ചെയ്യും. അതിനപ്പുറത്തുള്ള രാഷ്ട്രീയമൊന്നും കനകന് അറിയില്ല.
കിള്ളിമംഗലം ഗ്രാമത്തിലെ പാടത്ത് പണിയെടുക്കാൻ നിരവധി കർഷക സ്ത്രീകൾ എത്താറുണ്ട്. പലരും കോളനികളിൽ ഭൗതിക സൗകര്യങ്ങളില്ലാത്ത വീടുകളിൽ കഴിയുന്നു. ഏക്കർ കണക്കിന് പാടങ്ങളുള്ള സമ്പന്നർക്കുവേണ്ടിയാണ് ഇവർ വെയിലുകൊള്ളുന്നത്. ദിവസം 600 രൂപയാണ് കൂലി. പുതിയ തലമുറ കർഷകവൃത്തിയിലേക്ക് കടന്നുവരുന്നില്ല എന്ന പരാതിയും ഇവർ ഉന്നയിക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ ആർക്കും വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
തിരുവില്വാമലയിൽനിന്ന് നാല് കിലോമീറ്റർ മാറിയാണ് കുത്താമ്പുള്ളി ഗ്രാമം. ഒരു വശത്ത് ഗായത്രിപ്പുഴ സ്വച്ഛന്ദമായി ഒഴുകുന്നു. മറുകരയിൽ ഭാരതപ്പുഴയും മത്സരിച്ചൊഴുകുന്നു. തറിയുടെ ഒച്ചയനക്കങ്ങളല്ലാതെ അധികം ശബ്ദമുയർത്തിപ്പോലും കുത്താമ്പുള്ളിക്കാർ സംസാരിക്കാറില്ല. തിരുവില്വാമല പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് ഗ്രാമങ്ങളിലായാണ് കുത്താമ്പുള്ളി കൈത്തറി ഗ്രാമം പരന്നുകിടക്കുന്നത്. ഒട്ടിപ്പിടിച്ചുനിൽക്കുന്ന വീടുകൾക്കിടയിലൂടെ കയറിച്ചെന്നാൽ ഓരോ വീട്ടുതിണ്ണയിലും കൈത്തറിയുടെ താളം കേൾക്കാം. കൊല്ലങ്കോട്ടുനിന്ന് 47 വർഷം മുമ്പ് വിവാഹം കഴിച്ച് കുത്താമ്പുള്ളിയിൽ എത്തിയതാണ് സുഗന്ധ. ഇപ്പോൾ 75 വയസ്സുണ്ട്. സുഗന്ധയെ ഭർത്താവ് ഗുണശേഖരൻ ആണ് നെയ്ത്ത് പഠിപ്പിച്ചത്. മൂന്ന് പെൺമക്കളും നെയ്ത്തുകാരാണ്. കുത്താമ്പുള്ളിയിൽ കോവിഡിനെ തുടർന്ന് തൊഴിൽ കുറഞ്ഞപ്പോൾ ഒരു മകൾ തിരുവനന്തപുരം ബാലരാമപുരത്തേക്ക് താമസം മാറ്റി. വാർധക്യ പെൻഷനല്ലാതെ സുഗന്ധക്കും ഗുണശേഖരനും മറ്റ് വരുമാനമില്ല. സ്വന്തം വീട് വിറ്റിട്ട് അവിടെത്തന്നെ വാടകക്ക് താമസിക്കുകയാണിപ്പോൾ. പാവിനുള്ള നൂല് വെള്ളവും കഞ്ഞിവെള്ളവും ഉപയോഗിച്ച് മയപ്പെടുത്തി ചർക്കയിൽ ചുറ്റിക്കൊടുത്താൽ ചെറിയ തുക കിട്ടും. അതാണ് ഏക വരുമാനം. ‘കഴിഞ്ഞ തവണ കോൺഗ്രസിന് വോട്ട് ചെയ്തു. ഇത്തവണ വോട്ട് എന്ന് കേൾക്കുമ്പോൾ ദേഷ്യം വരുന്നു’- സുഗന്ധ പറയുന്നു.
47കാരനായ പരന്താമനും ഭാര്യ കലൈവാണിയും നെയ്ത്തുകാരാണ്. പരന്താമൻ പകൽ തുണിക്കടയിൽ ജോലിക്കു പോകും. ഒഴിവ് കിട്ടുന്ന സമയത്താണ് വീട്ടിലെ തറിയിൽ നെയ്ത്ത്. മൂത്ത മകൻ ടെക്സ്റ്റയിൽ ടെക്നോളജി പഠിക്കുന്നു. വാടക വീട്ടിലാണ് താമസം. അവഗണിക്കപ്പെട്ട സമൂഹമാണ് തങ്ങളുടേതെന്ന് പരന്താമൻ പറയുന്നു. സമീപത്തെ രാമലിംഗ സൗഡേശ്വരി ക്ഷേത്രമാണ് സമുദായത്തെ ഒരുമിപ്പിക്കുന്ന ഏക ഘടകം. ആർക്കും രാഷ്ട്രീയ പ്രവർത്തനത്തിനൊന്നും സമയമില്ല. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് രാഷ്ട്രീയം സജീവ ചർച്ചയാകുന്നത്.
പ്രദേശത്തെ ഒരേയൊരു സഹകരണ സംഘമാണ് കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം. നെയ്ത് കഴിഞ്ഞാൽ സാരിയും മുണ്ടുകളും ഇതേ സഹകരണ സംഘത്തിന് തിരികെ നൽകണം. സംഘം വഴിയാണ് വിൽപന. കുത്താമ്പുള്ളിയിൽ വർഷങ്ങൾക്കു മുമ്പ് ആയിരക്കണക്കിന് പരമ്പരാഗത കൈത്തറി നെയ്ത്തുകാരുണ്ടായിരുന്നു. സൊസൈറ്റിയുടെ കണക്കുപ്രകാരം 1500 തറികളുണ്ടായിരുന്നു ഇവിടെ. 652 അംഗങ്ങളാണ് സൊസൈറ്റിയിൽ ഇപ്പോഴുള്ളത്. കോവിഡ് കാലത്തിന് മുമ്പ് 185 അംഗങ്ങൾ തുണി നെയ്തിരുന്നു. ഇപ്പോഴത് അമ്പതിലേക്ക് കുറഞ്ഞു. അങ്ങനെ കുറയാൻ പലവിധ കാരണങ്ങളുണ്ട്. പ്രവർത്തനമൂലധനം ഇല്ലാത്തതുതന്നെയാണ് പ്രധാന കാരണം. ആവശ്യത്തിനുള്ള അസംസ്കൃത വസ്തുക്കൾ നെയ്ത്തുകാർക്ക് വാങ്ങിനൽകാൻ കഴിയാത്ത വിധം പ്രദേശത്തെ ഒരേയൊരു കൈത്തറി നെയ്ത്ത് വ്യവസായ സഹകരണസംഘം സാമ്പത്തികമായി വലയുകയാണ്. നൂൽ വാങ്ങാനും മറ്റ് കാര്യങ്ങൾക്കുമായി പലപ്പോഴും ബാങ്കിൽനിന്ന് വായ്പയെടുക്കേണ്ടി വരുന്നു. നെയ്ത്തുകാരെ പലതരത്തിലും ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് അധികൃതർ കൈക്കൊള്ളുന്നത്. തറിക്ക് പ്രത്യേകം മീറ്റർ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് നിരന്തരം ബുദ്ധിമുട്ടിക്കാറുണ്ട്. മൂന്ന് രാഷ്ട്രീയ പാർട്ടികളോടും ഇത് സംബന്ധിച്ച് പരാതി പറഞ്ഞിട്ട് ഫലം കണ്ടില്ലെന്ന് പരന്താമൻ പറയുന്നു. കുടിവെള്ള പ്രശ്നം, മാലിന്യ നിർമാർജനം എന്നിവക്കും കുത്താമ്പുള്ളിക്കാർ പ്രയാസം അനുഭവിക്കുകയാണ്. തൊഴിൽമേഖലയും വലിയ പ്രതിസന്ധി അനുഭവിക്കുന്നു. ടൂറിസം വകുപ്പുമായി ചേർന്ന് കുത്താമ്പുള്ളിക്ക് വേണ്ടി ഒരു അന്താരാഷ്ട്ര ഫെസ്റ്റ് സംഘടിപ്പിച്ചാൽ അത് നാടിന്റെ മുഖച്ഛായ മാറ്റുമെന്ന് പുതുതലമുറ വിശ്വസിക്കുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്നവർ ഈ കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കും എന്ന പ്രതീക്ഷയിലാണ് കുത്താമ്പുള്ളി.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.