ചേലക്കര തോന്നൂര്‍ക്കര വടക്കേ വളപ്പില്‍ കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകൻ കെ. രാധാകൃഷ്ണൻ ജനനംകൊണ്ട് ഇടുക്കിക്കാരനാണ്. മകൻ പിറക്കുേമ്പാൾ കൊച്ചുണ്ണി ഇടുക്കി വാഗമൺ പുള്ളിക്കാനത്ത് തോട്ടം തൊഴിലാളിയായിരുന്നു. 1964 മേയ് 24നാണ് നാല് പെൺമക്കൾക്കിടയിൽ ഒരാൺതരിയായി രാധാകൃഷ്ണെൻറ ജനനം.
തോന്നൂർക്കര യു.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ചേലക്കര എസ്.എം.ടി ജി.എച്ച്.എസിൽ. വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസിൽനിന്ന് പ്രീഡിഗ്രിയും തൃശൂർ ശ്രീകേരളവർമ കോളജിൽനിന്ന് ബി.എയും പൂർത്തിയാക്കുേമ്പാൾ പഠനത്തേക്കാൾ തലക്ക് പിടിച്ചത് രാഷ്ട്രീയം.
സ്കൂൾ പഠനകാലത്തുതന്നെ എസ്.എഫ്.ഐയിലുണ്ട്. ശ്രീകേരളവർമ കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും പിന്നെ ചേലക്കര ഏരിയ സെക്രട്ടറിയുമായി. തൃശൂർ ജില്ല സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
1991ല്‍ വള്ളത്തോൾ നഗറിൽനിന്ന് തൃശൂർ ജില്ല കൗണ്‍സിൽ അംഗമായ രാധാകൃഷ്ണൻ 1996ല്‍ ആദ്യമായി ചേലക്കരയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ അതൊരു വിശേഷ വാർത്തയായിരുന്നു. അന്നും ജീവിക്കാൻ പടപൊരുതിക്കൊണ്ടിരുന്നവൻ. അവിവാഹിതനായി അമ്മ ചിന്നക്കൊപ്പം ജീവിക്കുന്ന രാധാകൃഷ്ണൻ ഇപ്പോഴും മണ്ണിൽ ഉറച്ച് നിൽക്കുന്നു. തോന്നൂർക്കരക്കാരുടെ ഈ 'രാധേട്ടൻ' ഒഴിവ് കിട്ടുേമ്പാഴെല്ലാം കർഷകനാണ്. സുഹൃത്തുക്കൾക്കൊപ്പം ഭൂമി പാട്ടത്തിനെടുത്തും ഗംഭീരമായി കൃഷി ചെയ്ത് ഫലം കാണുന്ന കർഷകൻ. അതുകൊണ്ടുതന്നെ മണ്ണിെൻറയും കർഷകെൻറയും കൃഷിയുടെയും പ്രാധാന്യം അറിയുന്നയാളാണ്.
1982 -'87 കാലത്ത് അന്നത്തെ സംസ്ഥാന സർക്കാറിെൻറ വിദ്യാഭ്യാസ നയത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും പൊലീസിെൻറ ക്രൂരമർദനത്തിന് ഇരയാവുകയും ചെയ്തു. ആദ്യമായി നിയമസഭയിൽ എത്തിയ '96ൽ നായനാർ മന്ത്രിസഭയിൽ അംഗമായി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരക്കാർ സംശയമേതുമില്ലാതെ രാധാകൃഷ്ണനെ ജയിപ്പിച്ചു.
2001ല്‍ പ്രതിപക്ഷ ചീഫ് വിപ്പും ഹാട്രിക് ജയം നേടിയ 2006ല്‍ നിയമസഭ സ്പീക്കറുമായി. 2016ൽ മത്സരത്തിൽനിന്ന് മാറിനിന്ന രാധാകൃഷ്ണൻ ഇത്തവണ വീണ്ടും ചേലക്കരയുടെ പ്രതിനിധിയാവുകയായിരുന്നു. സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ദലിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡൻറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.